കോൺഗ്രസിൻ്റെ വിശ്വാസ സംരക്ഷണ യാത്രക്കായി ഒരുക്കിയ പന്തൽ പൊളിഞ്ഞുവീണു; സംഭവം അന്വേഷിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ്

കൊച്ചി: മൂവാറ്റുപുഴയില്‍ കോൺഗ്രസിൻ്റെ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്‍മിച്ച ഷീറ്റ് പന്തല്‍ തകര്‍ന്നുവീണു. ബെന്നി ബെഹ്നാന്‍ എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനത്തിന് മുൻപായാണ് പന്തൽ തകർന്നുവീണത്. പ്രവർത്തകർക്ക് ഇരിക്കാനായി തയ്യാറാക്കിയ പന്തൽ നിലം പൊത്തുകയായിരുന്നു. പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പങ്കെടുക്കേണ്ട പരിപാടിയായിലാണ് സംഭവം. പ്രവർത്തകർ എത്തുന്നതിനു തൊട്ടുമുമ്പാണ് അപകടം നടന്നത്. നേതാക്കൾക്കുള്ള വേദിയും അപകടാവസ്ഥയിലായിരുന്നു. പിന്നാലെ വേദി ഒഴിവാക്കി ടൗൺഹാളിന്റെ എതിർവശത്തുള്ള സ്ഥിരം പന്തലിൽ പരിപാടി നടത്തി.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വലിയ അപകടം ഒഴിവായത് ആശ്വാസമാണ്. സ്ഥിരമായി പന്തല്‍ ഇടുന്നവര്‍ തന്നെയാണ് ഇവിടെയും പന്തല്‍ ഇട്ടതെന്നും ഷിയാസ് വ്യക്തമാക്കി.