"പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കണം"; മൃഗസ്‌നേഹികളുടെ ഉത്തരവ് തള്ളി സുപ്രീം കോടതി

 
"പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കണം"; മൃഗസ്‌നേഹികളുടെ ഉത്തരവ് തള്ളി സുപ്രീം കോടതി

ഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നും ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

തെരുവ് നായ്ക്കള്‍ കടിച്ചുള്ള അപകടവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. തെരുവ് നായ ആക്രമണം പൊതുജനങ്ങള്‍ക്ക് മേലുള്ള വലിയ ഭീഷണിയാണെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു.

എട്ടാഴ്ചയ്ക്കുള്ളില്‍ തെരുവു നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കി വന്ധ്യംകരിക്കണമെന്നും ഇവയെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കായിക സമുച്ചയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം തെരുവ് നായ്ക്കള്‍ കടക്കുന്നത് ഇല്ലാതാക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തദ്ദേശ വകുപ്പ് ഇടപെട്ടാണ് തെരുവ് നായ്ക്കളെ നീക്കം ചെയ്യേണ്ടത്. 2023ലെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമപ്രകാരം നായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും അവയെ വന്ധ്യംകരിക്കുകയും ചെയ്യണം. ഇതിന് ശേഷം തെരുവ് നായ്ക്കളെ അതേ സ്ഥലത്ത് കൊണ്ടു പോയി ഇടരുതെന്നും ഇവയെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എന്‍ വി അഞ്ചാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് മൃഗസ്‌നേഹികള്‍ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തെരുവുനായ്ക്കള്‍ കടക്കുന്നത് വിലക്കണമെന്നും ഇക്കാര്യത്തില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകണമെന്നും സുപ്രീം കോടതി അറിയിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നും കഴിഞ്ഞ വര്‍ഷ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Tags

Share this story

From Around the Web