മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭാരവാഹികളെ പ്രഖ്യാപിച്ചു, കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ വി. മുരളീധരന്‍ പക്ഷം, കഴിഞ്ഞ കമ്മറ്റിയില്‍ വിമത പക്ഷത്തുണ്ടായിരുന്നവരെല്ലാം, ഔദ്യോഗിക പക്ഷമായി മാറി

വനിതകള്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വി. മുരളീധരന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും.
വനിതാ സംവരണം ഉള്‍പ്പടെ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. എന്നാല്‍ വെട്ടി നിരത്തലില്‍ തല്‍ക്കാലം മൗനം പാലിക്കാനും മുരളീധര പക്ഷം തീരുമാനിച്ചു.
കഴിഞ്ഞ കമ്മറ്റിയില്‍ വിമത പക്ഷത്തുണ്ടായിരുന്നവരെല്ലാം, ഔദ്യോഗിക പക്ഷമായി മാറിയ സാഹചര്യമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ ഉണ്ടായിട്ടുള്ളത്.
വി. മുരളീധരന്‍-കെ. സുരേന്ദ്രന്‍ പക്ഷത്തെ വെട്ടി നിരത്തിയതില്‍ ഈ വിഭാഗത്തിന് കടുത്ത അമര്‍ഷമാണുള്ളത്. എന്നാല്‍ അവഗണനക്കെതിരെ നേരിട്ട് പരാതി നല്‍കുന്നതിന് പകരം, ഭാരവാഹികളെ നിശ്ചയിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് മുരളീധര പക്ഷം ഒരുങ്ങുന്നത്.
വനിതാ സംവരണം, സമുദായിക സമവാക്യം എന്നിവ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് ആക്ഷേപം. കഴിഞ്ഞ കമ്മറ്റിയില്‍ മൂന്ന് വനിതാ വൈസ് പ്രസിഡണ്ടുമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ഒരാളായി ചുരുങ്ങി.
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മാത്രമാണ് വനിതാ നേതാക്കളില്‍ വൈസ് പ്രസിഡണ്ടായത്. കഴിഞ്ഞ തവണ വൈസ് പ്രസിഡണ്ടായിരുന്ന ശോഭാ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയായെങ്കിലും, വിടി രമ, പ്രമീളാ ദേവി എന്നിവരെ തഴഞ്ഞു.
ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ SC -ST വിഭാഗത്തില്‍ നിന്നുള്ളവരാകണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് മുരളീധര പക്ഷം പറയുന്നു. ഇക്കാര്യങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിക്കും.
എന്നാല്‍ വെട്ടി നിരത്തിലെതിരെ പ്രതിഷേധമുണ്ടെങ്കിലും തല്‍ക്കാലം മൗനം പാലിക്കാനും, അവസരത്തിനായി കാത്തിരിക്കാനുമാണ് മുരളീധര-സുരേന്ദ്ര പക്ഷത്തിന്റെ തീരുമാനം.