കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല; യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം; 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല; ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതിന് പരിഹാരമായി യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
വിശ്വാസികളുടെ എണ്ണം കുറയുന്നതിനുള്ള പരിഹാരമെന്നോണമാണ് പാംപ്ലാനിയുടെ ആഹ്വാനം. യുവാക്കള്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്നത് സമുദായത്തെ തകര്‍ക്കുമെന്നും പാംപ്ലാനി പറഞ്ഞു. 'മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തന്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു.
18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല. അതുപോലെ നമ്മുടെ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30, 40 ലക്ഷം വായ്പയെടുത്ത് വിദേശത്തേക്ക് പോകാന്‍ യുവജനങ്ങളില്‍ ഒരു വ്യഗ്രതയുണ്ട്. ഇത് സമുദായത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്,' പാംപ്ലാനി പറഞ്ഞു.
സമുദായത്തിനുള്ളില്‍ നിരവധി ആളുകള്‍ വിവാഹം കഴിക്കാതെ തുടരുന്നുണ്ട്. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങള്‍ നാണംകുണികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നുമാണ് തന്റെ അഭിപ്രായം. ഇതില്‍ മാറ്റം വരുത്തി യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.