ആഗോളതലത്തിൽ കത്തോലിക്കരുടെ എണ്ണം വർധിച്ചതായി കണക്കുകൾ

 
christian

99-ാമത് ആഗോള മിഷനറി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 19 ന് ലോകത്തുള്ള കത്തോലിക്കരുടെ എണ്ണവും ദൈവവവിളികളുടെ എണ്ണവും സംബന്ധിക്കുന്ന പുതിയ വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലുമാണ് കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിരിക്കുന്നത്.

‘ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ’ എന്നതാണ് ഈ വർഷത്തെ ആഗോള മിഷൻദിനത്തിന്റെ വിഷയം. ലോകത്തിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ, കത്തോലിക്കരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവയാണ് അവയിൽ മുന്നിലുള്ള മൂന്ന് ഭൂഖണ്ഡങ്ങൾ. ലോകത്ത് ആകമാനം 0.1% വർധിച്ച് ഇപ്പോൾ ആകെയുള്ള ജനസംഖ്യയുടെ 17. 8% കത്തോലിക്കാരാണെന്നും ഫീദെസ് വാർത്താ ഏജൻസിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.

അതേസമയം കത്തോലിക്കാ സഭയിലെ വൈദികരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, മറ്റു ഭൂഖണ്ഡങ്ങളിൽ വൈദികരുടെ എണ്ണം നന്നേ കുറഞ്ഞെന്നുള്ള വിവരവും ഏജൻസി അറിയിച്ചു. ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ 1451 വൈദികരും ഏഷ്യയിൽ 1145 വൈദികരും അഭിഷിക്തരായി. ഇപ്പോൾ ആഗോള കത്തോലിക്കാ സഭയിൽ 4,06,996 വൈദികരാണ് സേവനം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള മൊത്തം ബിഷപ്പുമാരുടെ എണ്ണം മുൻവർഷത്തെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ 77 വർധിച്ച് 5,430 ആയി. ആകെ 4,258 രൂപത ബിഷപ്പുമാരും 1,172 സന്യാസ സമൂഹങ്ങളിൽ നിന്നുള്ള ബിഷപ്പുമാരുമുണ്ട്.

വൈദികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്ത സഭകളിലെയും രൂപതകളിലെയും അർത്ഥികളുടെ എണ്ണത്തിൽ ആഫ്രിക്കയിൽ മാത്രമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 2126 അർഥികൾ കുറഞ്ഞുവെന്ന വിവരവും ഏജൻസി വെളിപ്പെടുത്തുന്നു.

അത്മായരായ മതബോധന അധ്യാപകരുടെയും മിഷനറിമാരുടെയും എണ്ണത്തിൽ അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായി. ഏഷ്യയിൽ മാത്രം അത്മായ മിഷനറിമാർ 48,444 പേരും മതാധ്യാപകർ 3,72,533 പേരുമാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.

Tags

Share this story

From Around the Web