ദക്ഷിണ കൊറിയയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു

 
2222
സിയോള്‍: ദക്ഷിണ കൊറിയയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 60 ലക്ഷം പിന്നിട്ടതായി സ്ഥിരീകരണം. ഏപ്രിൽ 22 ന് കൊറിയയിലെ കത്തോലിക്ക മെത്രാന്‍ സമിതിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 1975-ൽ 1 ദശലക്ഷമായിരിന്നു കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 50 വർഷത്തിനുശേഷം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടാണ് വിശ്വാസികളുടെ എണ്ണം 6 ദശലക്ഷത്തില്‍ എത്തിയിരിക്കുന്നത്.

2025 ഡിസംബർ അവസാനം വരെ രാജ്യത്ത് 6,006,832 കത്തോലിക്ക വിശ്വാസികളാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരിൽ മൂന്നിലൊന്ന് (28.9 ശതമാനം) 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നത് ശ്രദ്ധേയമാണ്. 2025-ൽ കത്തോലിക്ക വിശ്വാസികളുടെ വളര്‍ച്ച നിരക്ക് 0.2% ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണുള്ളത്. കോവിഡിനു ശേഷം വിശ്വാസപരമായ മന്ദത രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന് കണക്കുകളില്‍ സൂചനയുണ്ട്.

2025-ൽ 70 പേരാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2015 ൽ ഇത് 121 ആയിരുന്നു. നിലവിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 854 ആണ്. 52.6 ദശലക്ഷം നിവാസികളുള്ള ദക്ഷിണ കൊറിയയിൽ 11% കത്തോലിക്ക വിശ്വാസികളാണുള്ളത്. പൊന്തിഫിക്കല്‍ വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫിഡെസിൻ്റെ നേരത്തെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 5,700-ലധികം വൈദികരും 1,784 ഇടവകകളുമാണുള്ളത്.

Tags

Share this story

From Around the Web