‘രാജീവ് ചന്ദ്രശേഖറിന് അടുത്ത കേക്ക് റെഡി, ഇത്തവണ ഒഡിഷയിൽ നിന്ന്; ഇ.ഡിയെ പേടിയുള്ളവർ ഉടൻ മാരാർജി ഭവനിൽ റിപ്പോർട്ട് ചെയ്യണം’- ഡോ. ജിന്റോ ജോൺ

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന്റെ വിവാദമകലും മുമ്പ് ഒഡിഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ.
ഛത്തീസ്ഗഢിൽ ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ, ക്രൈസ്തവ സഭാ പ്രതിനിധികൾ ബി.ജെ.പി ഓഫിസിൽ എത്തി രാജീവ് ചന്ദ്രശേഖറിന് കേക്ക് നൽകിയതിനെ പരിഹസിച്ചാണ് ജിന്റോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
രാജീവ് ചന്ദ്രശേഖറിന് അടുത്ത കേക്ക് റെഡി ആയിട്ടുണ്ട്. ഇത്തവണ ഒഡിഷയിൽ നിന്നാണ്. ബജ്റംഗ്‌ദൾ തന്നെയാണ് ഇത്തവണയും ക്രൈസ്തവ പ്രേമത്തിൽ കേക്ക് ഒരുക്കിയത്. ഇ.ഡിയെ പേടിയുള്ളവർ ക്രിസ്തുവിനേയും കുഞ്ഞാടുകളേയും ഒറ്റുകൊടുത്ത് ബിജെപി നേതാക്കൾക്ക് മധുരം വിതരണം ചെയ്യാൻ ഉടനെ മാരാർജി ഭവനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്’ -ജിന്റോ പറഞ്ഞു.