നെഹ്‌റു ട്രോഫിക്ക് ഇനി മണിക്കൂറുകള്‍ മാത്രം.. കപ്പടിക്കാന്‍ പുന്നമടയിലേക്കു പുറപ്പെട്ടു കോട്ടയത്തെ നാലു ചുണ്ടന്‍മാര്‍

കോട്ടയം: നെഹ്‌റു ട്രോഫി മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുന്നമടിയിലേക്ക് പുറപ്പെട്ട് കോട്ടയത്തെ നാലു ചുണ്ടന്മാര്‍. നാട്ടുകാരായ തുഴച്ചില്‍ക്കാരും മറ്റു സംസ്ഥാനങ്ങളിലെ തുഴച്ചില്‍ക്കാരും ചേര്‍ന്ന് തുഴയുന്ന ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇക്കുറി കോട്ടയം ജില്ലയില്‍ തന്നെ നെഹ്‌റു ട്രോഫി എത്തും എന്ന ഉറച്ച പ്രതീക്ഷയിലാണ് കരക്കാര്‍.
ഇന്ന് വെളുപ്പിനെ തന്നെ എല്ലാ ചുണ്ടന്‍ വള്ളങ്ങളേയും നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ അതാതു കരക്കാരും , ജലോല്‍സവപ്രേമികളും ചേര്‍ന്ന് പുന്നമടയിലേക്ക് പ്രാര്‍ത്ഥനയോടെ യാത്രയാക്കി. ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം പ്രാര്‍ഥിച്ച ശേഷമാണ് വള്ളങ്ങള്‍ പുന്നമടയിലേക്കു പുറപ്പെട്ടത്.
ഇനി നെഹ്‌റു ട്രോഫിയുമായി ഏതു ചുണ്ടന്‍ വള്ളം എത്തുമെന്നത് അറിയുവാനുള്ള ആകാംഷയുടെ നിമിഷങ്ങളാണ്. വള്ളങ്ങള്‍ പുന്നമടിയില്‍ എത്തിച്ചേര്‍ന്നു അവസാന വട്ട പരിശീലനം നടത്തും. കുമരകം ടൗണ്‍ ബോട്ട് ക്ലബ് (പായിപ്പാടന്‍), ഇമ്മാനുവേല്‍ ബോട്ട് ക്ലബ് കുമരകം (നടുവിലേപ്പറമ്പന്‍), ചങ്ങനാശ്ശേരി ബോട്ട് ക്ലബ് (ചമ്പക്കുളം), വെള്ളൂര്‍ ബോട്ട് ക്ലബ് (ആലപ്പാടന്‍ ചുണ്ടന്‍ ) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് കോട്ടയത്തു നിന്നു മത്സരിക്കുക.
രണ്ടാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കില്‍ നടവേലിപ്പറമ്പന്‍ മത്സരിക്കും. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ചമ്പക്കുളം, നാലാം ട്രാക്കില്‍ ആലേപ്പാടനും മാറ്റുരയ്ക്കും. അഞ്ചാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കില്‍ പായിപ്പാടനും മത്സരിക്കും.