'കുത്തിവയ്പ്പിനിടെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങി'; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കുത്തിവയ്പ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന് ആറന്മുള സ്വദേശി വത്സല പറഞ്ഞു. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടരേണ്ടി വന്നെന്നും 68കാരി പറഞ്ഞു.
ഒരു വർഷം മുൻപാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വത്സല എത്തിയത്. വയറിന് അസുകഴുമായാണ് വത്സല എത്തിയത്. അവിടെ നിന്ന് കുത്തിവയ്പ്പെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പലപ്പോഴും ഇഞ്ചെക്ഷൻ എടുത്ത ഇടുപ്പ് ഭാഗത്ത് വേദന അനുഭവപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപായി വേദന കടുത്തു. തുടർന്നാണ് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തി എക്സ്-റേ എടുത്ത് നോക്കിയത്. എക്സ്-റേയിലാണ് ഇടുപ്പിൽ സൂചി കുടുങ്ങിയതായി വ്യക്തമായത്.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഒരു വർഷം മുൻപ് ആശുപത്രിയിലെത്തിയപ്പോൾ എടുത്ത കുത്തിവയ്പ്പിലാണ് സൂചി അകപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ, സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കൂടുതൽ പരിശോധന നടത്തണമെന്നാണ് അധികൃതർ പറയുന്നത്.