ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്; കിലോക്ക് വില 35000 രൂപ; കാരണമറിയാം

സിയോൾ: ഏതൊരു അടുക്കളയിലും ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് ഉപ്പ്. മാത്രമല്ല മിക്കവാറും എല്ലാ രാജ്യങ്ങളിലും കുറഞ്ഞ വിലക്കാണ് ഉപ്പ് ലഭിക്കുന്നത്. എന്നാൽ അവിശ്വസനീയമായ വിലക്ക് വിൽക്കുന്ന ചില അപൂർവ തരം ഉപ്പുകളുണ്ട്. അത്തരത്തിലുള്ള ഒരു വിചിത്രമായ ഉപ്പാണ് കൊറിയൻ മുള ഉപ്പ് (Korean Bamboo Salt). ഇതിന് 250 ഗ്രാമിന് 100 ഡോഡോളറും (8,811 രൂപ) കിലോക്ക് 400 ഡോളറുമാണ് (35,246 രൂപ) വില.
കൊറിയൻ വിഭവങ്ങൾ പാചകം ചെയ്യുന്നതിനും പരമ്പരാഗത കൊറിയൻ വൈദ്യത്തിൽ ഒരു ഔഷധമായും ഉപയോഗിക്കുന്നതാണ് കൊറിയൻ മുള ഉപ്പ്. എന്നാൽ എന്തുകൊണ്ടാണ് കൊറിയൻ മുള ഉപ്പ് ഇത്ര വിലയേറിയത്? അത് ഉത്പാദിപ്പിക്കുന്ന രീതി കാരണമാണ് എന്നാണ് ഉത്തരം. കടൽ ഉപ്പ് കട്ടിയുള്ള മുളയുടെ തണ്ടിൽ പാക്ക് ചെയ്ത് ഉയർന്ന താപനിലയിൽ പൈൻ വിറക് ഉപയോഗിച്ച് ഒമ്പത് തവണ ചുട്ടെടുക്കുന്ന വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണിത്.
ജുഗ്യോം അഥവാ കൊറിയൻ മുള ഉപ്പ് ഉണ്ടാക്കുന്നതിന് സങ്കീർണ്ണമായ ഒരു ഉൽപാദന രീതി ആവശ്യമാണ്. സാധാരണ കടൽ ഉപ്പ് മുളകൊണ്ടുള്ള കാനിസ്റ്ററുകളിൽ പാക്ക് ചെയ്ത് മഞ്ഞ കളിമണ്ണ് കൊണ്ട് അടച്ചുവെച്ച ശേഷം മിശ്രിതം ഇരുമ്പ് അടുപ്പിൽ ചുട്ടുപഴുപ്പിച്ച് പൈൻ മരത്തിന്റെ തീയിൽ ചൂടാക്കുന്നു. ഉപ്പ് കട്ടകൾ ചുട്ടതിനുശേഷം കട്ടിയാകുമ്പോൾ അവ പുറത്തെടുത്ത് പൊടിച്ച് മറ്റൊരു മുളയുടെ തണ്ടിൽ നിറച്ച് വീണ്ടും ചൂടാക്കുന്നു. ഈ പ്രക്രിയ ഒമ്പത് തവണ ആവർത്തിക്കുന്നു. ഒമ്പതാമത്തെ ബേക്കിംഗ് സൈക്കിൾ 1000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ ഉപയോഗിക്കുന്നു. ഇത്തരമൊരു സങ്കീർണമായ പ്രക്രിയയിൽ കൂടി നിർമിക്കുന്നത് കൊണ്ടാണ് ഇത്രയും വിലയേറിയത്.