തദ്ദേശതെരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. അവസാനവട്ട ശ്രമങ്ങള്‍ ഫലം കാണുമെന്നു നേതാക്കള്‍ക്കു പ്രതീക്ഷ
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച അംഗങ്ങള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജില്ലയില്‍ ആകെ 1611 അംഗങ്ങളാണു മത്സരിച്ചുജയിച്ചത്. 1223 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 157 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും 23 ജില്ല പഞ്ചായത്ത് വാര്‍ഡുകളും 208 നഗരസഭ വാര്‍ഡുകളുമാണ് ജില്ലയിലുള്ളത്.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് സത്യപ്രതിജ്ഞ.
പലരും അധ്യക്ഷ സ്ഥാനം വേണമെന്ന പിടിവാശിയിലാണ്. ഇതോടെ പര്‍ട്ടി മുന്നണി നേതൃത്വങ്ങള്‍ പ്രതിസന്ധിയിലുമായി.അഞ്ചു വര്‍ഷം പ്രസിഡന്റ് എന്നത് മാറ്റി ടേം വ്യവസ്ഥയില്‍ പ്രസിഡന്റാക്കണമെന്നാണ് ചിലരുടെ ആവശ്യം. യു.ഡി.എഫിലാണ് പ്രതിസന്ധി ഏറെയും. തര്‍ക്കം തുടരുന്നതിനിടെയാണ് സത്യപ്രതിജ്ഞ.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ ആദ്യ അംഗം പ്രതിജ്ഞയെടുക്കും. ജില്ല പഞ്ചായത്തുകളില്‍ ജില്ല കലക്ടര്‍മാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതതു സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കുക. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷന്‍ അറിയിപ്പ് സെക്രട്ടറി വായിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30നും നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന് ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താം.