പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി 2025 ഡിസംബര്‍ 15 നു രാവിലെ പത്ത് മണിക്കു വത്തിക്കാനില്‍ സുപ്രധാനമായ കൂടിക്കാഴ്ച നടത്തി. സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യൂറേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും ഈ സന്ദര്‍ശനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍, സീറോമലബാര്‍ സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫുമേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡു തീരുമാനത്തിനു അംഗീകാരം നല്കിയതിനും പരിശുദ്ധ പിതാവിനോടുള്ള സഭയുടെ ഹൃദയപൂര്‍വ്വമായ നന്ദി മേജര്‍ ആര്‍ച്ചുബിഷപ്പ് രേഖപ്പെടുത്തി. ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയപരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്നു മാര്‍ റാഫേല്‍ തട്ടില്‍ പിതാവു മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വ്വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറിപ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍സഭ നല്കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ് സീറോമലബാര്‍സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പു നടത്തിയിട്ടുള്ള സന്ദര്‍ശങ്ങളും അനുസ്മരിച്ചു.
ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം അഭിവന്ദ്യ പിതാക്കൻമാർ പരിശുദ്ധ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ചുബിഷപ്പു വിശദീകരിച്ചു. അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച പരിശുദ്ധ പിതാവു കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം തദവസരത്തില്‍ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി, മേജര്‍ ആര്‍ച്ചുബിഷപ്പും സിനഡു സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റു ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി സഭാസംബന്ധിയായ വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും അവര്‍ നല്കികൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കു നന്ദിപറയുകയും ചെയ്തു.