അറവ് മാലിന്യ സംസ്കരണ ഫാക്ടറിയിലെ ദുർഗന്ധം സഹിക്കാൻ കഴിയാതെ നാട്ടുകാർ. വാഹനം തടഞ്ഞു. ഫാക്ടറിക്കെതിരെ പ്രതിഷേധം. പരാതി നൽകി മടുത്ത് നാട്ടുകാർ മാലിന്യ വണ്ടി തടയാൻ രംഗത്തെത്തി

കോഴിക്കോട് അമ്പായത്തോട് പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധത്തിന് ഇനിയും പരിഹാരമില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവീകരണം നടത്തിയിട്ടും ദുർഗന്ധത്തിന് പരിഹാരമില്ലാത്തതാണ് നാട്ടുകാരുടെ ദുരിതം വർധിപ്പിച്ചത്.
പറഞ്ഞും പ്രതിഷേധിച്ചും പരാതി നൽകിയും മടുത്താണ് നാട്ടുകാർ മാലിന്യ വണ്ടി തടയാൻ രംഗത്തെത്തിയത്. താമരശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിന് എതിരെയാണ് നാട്ടുകാർ വീണ്ടും സമര രംഗത്തേക്കെത്തിയത്.
ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്മെൻ്റ് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ല.
പഞ്ചായത്ത് ലൈസൻസോ, പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല. ഫാക്ടറി പ്രവർത്തിക്കുന്നത് ഡിഎല്‍എഫ്‌എംസി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നൽകിയ താൽക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ്. ഫ്രഷ് ആയ 20 ടൺ മാലിന്യം മാത്രമേ ഫാക്ടറിയിൽ എത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയിലാണ് അനുമതി.