'മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ലീഗ് 22 സീറ്റില്‍ വിജയിച്ചു'; വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

 
SAJI 123

തിരുവനന്തപുരം: വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി  സജി ചെറിയാന്‍. വര്‍ഗീയതയോട് സമരസപ്പെട്ടുപോകുന്ന സമീപനം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ആ കാഴ്ചപ്പാടാണ് മുന്നോട്ടു വെച്ചത്. താന്‍ മതേതരവാദിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുന്നയാളാണ്.

ഈ സംസ്ഥാനത്തിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കണം. അത്തരത്തില്‍ ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടല്‍ ബിജെപിയുടെയോ സംഘപരിവാറിന്റെയോ മുസ്ലിം ലീഗിന്റെയോ ജമാ അത്തെ ഇസ്ലാമിയുടേയോ ഭാഗത്തു നിന്നും വരുന്നത് അപകടകരമാണെന്നാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പ്രസ്താവന വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ പറഞ്ഞു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചത്. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ സിപിഎമ്മിന് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി.

മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ലീഗ് 22 സീറ്റില്‍ വിജയിച്ചു. ബിജെപിക്ക് വേണ്ടി ജയിച്ച ആള്‍ക്ക് ഏതു മതവിഭാഗത്തിന്റെ വോട്ടാണ് ലഭിച്ചത്. ലീഗ് ജയിപ്പിച്ച ആളുടെ പേരും ബിജെപി ജയിപ്പിച്ച ആളുടെ പേരും വായിക്കാനാണ് താന്‍ പറഞ്ഞത്. അതില്‍ എന്തു തെറ്റാണുള്ളത്. കാസര്‍കോട് നഗരസഭയിലെ ഒരു പ്രശ്‌നം ഉന്നയിച്ചത് ഇത് കേരളത്തില്‍ ഒരു സ്ഥലത്തും വരാന്‍ പാടില്ല എന്നതുകൊണ്ടാണ്.

ഈ അപകടം കേരളത്തില്‍ ഭാവിയില്‍ വരാന്‍ സാധ്യതയുണ്ട്. വര്‍ഗീയമായ ചേരിതിരിവു വന്നുകഴിഞ്ഞാല്‍, ആളുകള്‍ വര്‍ഗീയമായി ചിന്തിക്കുമ്പോള്‍ അവരില്‍ തീവ്രവാദപരമായി, അല്ലെങ്കില്‍ ജാതി രാഷ്ട്രീയം എടുത്തുപറയുന്ന ആളുകള്‍ക്ക് കൂടുതല്‍ സഹായമായ നിലപാട് വരുന്നു. 22 സീറ്റ് ലീഗിനു കിട്ടിയതും 12 സീറ്റ് ബിജെപിക്ക് കിട്ടിയതുമായ കാസര്‍കോട് മുനിസിപ്പാലിറ്റി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. സജി ചെറിയാന്‍ പറഞ്ഞു.

അതുകൊണ്ട് കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കണം. ഭൂരിപക്ഷ വര്‍ഗീയതയെയോ ന്യൂനപക്ഷ വര്‍ഗീയതയെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവനയും ഉണ്ടാകാന്‍ പാടില്ല. പ്രതിപക്ഷനേതാവ് കാന്തപുരത്തിന്റെ സമ്മേളനത്തില്‍ല്‍ അത്തരമൊരു പദം പറയാന്‍ പാടില്ലായിരുന്നു. പതിനായിരക്കണക്കിന് ന്യൂനപക്ഷവിഭാഗക്കാര്‍ ഇരുന്ന യോഗത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

പിണറായി വിജയനെപ്പോലെ ഒരു മതേതരവാദി ഇന്ത്യയില്‍ വേറെയുണ്ടോ?. എതു പ്രതിസന്ധി ഘട്ടത്തിലാണ് മുഖ്യമന്ത്രി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്നത്?. എല്ലാഘട്ടത്തിലും നിന്നിട്ടുള്ള വ്യക്തിത്വമല്ലേ അദ്ദേഹം. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നില്ല. വര്‍ഗീയ കലാപം നടന്നത് ആരുടെ കാലത്താണ്?. സജി ചെറിയാന്‍ ചോദിച്ചു.

Tags

Share this story

From Around the Web