മന്ത്രിസഭയിൽ ആധിപത്യം ഉറപ്പിക്കാനും പ്രധാന വകുപ്പുകളെല്ലാം കൈവെട്ടിപ്പിടിക്കാനും ലീഗ്; അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലക്ഷ്യം
 

 
league

കോട്ടയം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകൾ കൈക്കലാക്കി ആധിപത്യം ഉറപ്പിക്കാൻ മുസ്ലിം ലീഗ് നീക്കം സജീവമാക്കി. അഞ്ച് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ പദവിയും വേണമെന്ന കടുത്ത ആവശ്യമാണ് ലീഗ് മുന്നോട്ടുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസവും വ്യവസായവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി.

കാലങ്ങളായി ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെച്ചൊല്ലി മുന്നണിക്കകത്തും പുറത്തും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻ.എസ്.എസ് ആവശ്യം ഉയർത്തിയിരുന്നു. വകുപ്പ് മുൻകാലങ്ങളിൽ ലീഗ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പല തവണയായി വിമർശനം ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകരുതെന്ന് ബിജെപിയും ആവശ്യം ഉന്നയിച്ചിരുന്നു.

ക്രൈസ്തവ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നും കൂടി സമ്മർദ്ദം ഉണ്ടായാൽ ലീഗിൽ നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കും. പകരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകാൻ സാധ്യതയുണ്ട്. എന്നാൽ, ലീഗ് എത്രത്തോളം വഴങ്ങുമെന്നും കാത്തിരുന്നു കാണേണ്ടതാണ്.

അതേസമയം, ലീഗിൽ മന്ത്രി നിർണയം കോൺഗ്രസുമായുള്ള വകുപ്പ് ചർച്ചകളിൽ തീരുമാനമായ ശേഷം മാത്രമെന്ന് സൂചന. പുറത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോഴും നേതൃത്വം നിഗമനത്തിലെത്തിയ പേരുകളിൽ പാർട്ടിക്കു ലഭിക്കുന്ന വകുപ്പനുസരിച്ച് മാറ്റങ്ങളുണ്ടാകും.  ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ സംശയമില്ല. വ്യവസായം ലീഗിന് കിട്ടിയാൽ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയാകും.
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചുമാറാതെ വന്നാൽ ആബിദ് ഹുസൈൻ തങ്ങളുടെയും എൻ. ഷംസുദ്ദീന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. മറ്റു വകുപ്പുകളിൽ മലപ്പുറത്തുനിന്ന് പി.കെ.ബഷീർ, കെ.എം. ഷാജി എന്നിവർ പരിഗണിക്കപ്പെടും.

ആറ് എം.എൽ.എമാരുള്ള കോഴിക്കോട്ടുനിന്ന് മന്ത്രിസ്ഥാനം ഉറപ്പാണ്. പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാൽ ജില്ല പ്രസിഡന്റ് കൂടിയായ എം.എ. റസാഖ്മാസ്റ്റർക്ക് നറുക്ക് വീഴും. പാർലമെൻററി അനുഭവസമ്പത്ത് പരിഗണനയിൽ വന്നാൽ പാറക്കൽ അബ്ദുല്ലയാകും മന്ത്രിയാവുക. നേരത്തെ ഇബ്രാഹിം കുഞ്ഞിന് മന്ത്രിസ്ഥാനമുണ്ടായിരുന്നെങ്കിലും കളമശ്ശേരിയിൽ കന്നിയങ്കക്കാരനായതിനാൽ വി. അബ്ദുൽ ഗഫൂറിന് ഇനിയും കാത്തിരിക്കേണ്ടിവരും.

മറ്റു ഘടകകക്ഷി പ്രതിനിധികളെന്ന നിലയിൽ കേരള കോൺഗ്രസിനും ഷിബു ബേബി ജോണിനും അനൂപ്ജേക്കബിനും സി.പി. ജോണിനും മാണി സി. കാപ്പനും വീതംവെച്ചാൽ അർഹതപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനം കിട്ടാതെവരുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ചെറുകക്ഷികൾക്ക് ഒരു വകുപ്പിൽ ടേം വ്യവസ്ഥ വെച്ചോ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയോ സമവായത്തിലെത്താനും സാധ്യത ഉണ്ട്.

Tags

Share this story

From Around the Web