‘പ്രധാന നടൻ ലഹരി ഉപയോഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണ് ലഹരിവിരുദ്ധ ക്യാമ്പയിനിൽ മാസ് ഡയലോഗ് അടിച്ചതെന്ന വിമർശനത്തിന് മറുപടിയുമായി നടി വിൻസി അലോഷ്യസ്.
അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഇല്ല എന്നുപറയാൻ ധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്ന് വിൻസി വ്യക്തമാക്കി. അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ താൻ ഇക്കാര്യം യാതൊരു മടിയും കൂടാതെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും വിൻസി പറഞ്ഞു.
വിൻസിയുടെ വാക്കുകൾ:
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ഞാൻ സ്വീകരിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് കീഴിൽ വന്ന കമന്റുകളിൽ പലവിധ വ്യാഖ്യാനങ്ങൾ കണ്ടു. “ഇങ്ങനെ പറയാൻ മാത്രം നിനക്ക് സിനിമയുണ്ടോ” എന്നതായിരുന്നു പ്രധാന കമന്റ്.
സിനിമയിൽ ഇപ്പോൾ അവസരമില്ലാത്ത കാരണം തട്ടിവിടുന്ന നിലപാടാണെന്നാണ് മറ്റ് ചിലരുടെ വ്യാഖ്യാനം. സിനിമയില്ലെങ്കിൽ, അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അക്കാര്യം പറയാനുള്ള ആർജവം എനിക്കുണ്ട്. അവസരത്തിനായി ഞാൻ ആഗ്രഹിക്കുന്ന സമയമാണിതെന്ന് അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പറയാനുള്ള മനക്കട്ടി എനിക്കുണ്ട്.
സിനിമയില്ലാത്തതിനെ മറ്റെന്തെങ്കിലും കാരണം കാണിച്ച് മറച്ചുവെക്കേണ്ട ആവശ്യം എനിക്കില്ല. സിനിമയാണ് എന്റെ ജീവിതം എന്ന കാഴ്ചപ്പാട് എനിക്കില്ല. സിനിമ ഇഷ്ടമാണ്. അഭിനയം വളരെയധികം ഇഷ്ടമാണ്.
സിനിമയെ ഒരുപാട് സ്നേഹിക്കുന്നു. ഞാൻ എവിടെ നിന്ന് തുടങ്ങി, എവിടെ എത്തി നിൽക്കുന്നു എന്ന കാര്യത്തിൽ കൃത്യമായ ബോധ്യം എനിക്കുണ്ട്. സൂപ്പർസ്റ്റാറായ അഭിനേതാവ് ആണെങ്കിലും സാധാരണക്കാരനായ അഭിനേതാവ് ആണെങ്കിലും ഒരു നിലപാട് എടുത്താൽ അത് നിലപാട് തന്നെയാണ്. അക്കാര്യം കമന്റിടുന്നവരും ചിന്തിക്കണം. – വിൻസി പറഞ്ഞു.