ആരോഗ്യ രംഗത്തെ കേരള മോഡൽ വാദം പൊളിയുന്നു: പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്.
നിർമ്മാണ കമ്പനിയുമായി പരിപാലനത്തിന് മെഡിക്കൽ കോളേജുകൾ കരാർ സൂക്ഷിക്കാത്തതും മേൽനോട്ടക്കുറവുമാണ് ഉപകരണങ്ങൾ ജീവനറ്റ് പോകുന്നതിന് പ്രധാന കാരണം. കോഴിക്കോട് മെഡിക്കൽ കോളേജ് മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം പി എം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 40വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല.
കൊവിഡ് സമയത്ത് 2020 ജൂലൈ മാസത്തിൽ എത്തിച്ചതാണ്. സ്കാൻ റേ നിർമ്മാണ കമ്പനി, ഭാരത് ഇലക്ട്രോണിക്സാണ് വിതരണക്കാർ. 2023 മുതൽ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല.ഇവിടത്തെ പോർട്ടബിൾ വെന്റിലേറ്റർ 1,36000 രൂപ മുതൽ മുടക്കി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്ഥാപിച്ചതാണ്. എന്നാൽ ഏപ്രിലിൽ പണി മുടക്കി.
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ പരാതി നൽകി കാത്തിരിക്കുയാണ് മെഡിക്കൽ കോളേജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇസോട് മെലൈബ് ക്ലാസ് സി (Esaote mylab classC) സംവിധാനം, വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ അൾട്രാ സൗണ്ട് പരിശോധനയ്ക്കായി 35ലക്ഷം രൂപ മുടക്കി 2012 എത്തിച്ചതാണ്.
എന്നാൽ സ്ഥാപിച്ചത് 2018. ഇപ്പോഴിത് പ്രവർത്തിക്കുന്നില്ല. 2015ൽ വാങ്ങിയ മൂന്ന് വെന്റിലേറ്റർ 2023ൽ പ്രവർത്തനരഹിതമായി. കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂറോസംബന്ധമായ പരിശോധനയ്ക്ക് 36ലക്ഷം രൂപ മുതൽമുടക്കി 2018ൽ സ്ഥാപിച്ച ഗേറ്റ് അനാലിസിസ് യൂണിറ്റ് ജനുവരി മുതൽ പ്രവർത്തിക്കുന്നില്ല. ഉപകരണത്തിന്റെ ചാർജ്ജിംഗ് യൂണിറ്റിന്റെ അപാകതയാണ് പ്രശ്നം.
കോട്ടയം മെഡിക്കൽ കോളേജിലെ 5 വിഭാഗങ്ങളിലായി 9ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും ഉപയോഗശൂനന്യം. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയേഷൻ വാർമർ, നിയോനേറ്റൽ മോണിറ്റർ അടക്കം 2017ൽ വാങ്ങിച്ചതെല്ലാം 4 വർഷത്തിനുള്ളിൽ ഫ്യൂസ് പോയി. വാർഷിക കരാറില്ലാത്തതും സ്പെയർ പാർട്സ് കിട്ടാത്തതും പ്രതിസന്ധിയാണ്. ഇവിടെയും പി എം കെയർ ഫണ്ട് വഴി വാങ്ങിയ 12 വെന്റിലേറ്റേറുകൾ 2022 മുതൽ പ്രവർത്തിക്കുന്നില്ല.