പ്രാദേശികസഭകളിലെ "പ്രത്യാശയുടെ ജൂബിലിവർഷം" അവസാനിച്ചു

 
3344
വത്തിക്കാന്‍ സിറ്റി: "2025 പ്രത്യാശയുടെ ജൂബിലി" വർഷവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയിരുന്ന "സ്‌പേസ് നോൺ കൊൺഫൂന്തിത്" രേഖപ്രകാരം, പ്രാദേശികസഭകളിലെ ജൂബിലി വർഷ ആഘോഷത്തിനു സമാപനം. കഴിഞ്ഞ വര്‍ഷം ഡിസംബർ 29നാണ് വിവിധ പ്രാദേശികസഭകളിൽ ജൂബിലി വർഷത്തിന് തുടക്കം കുറിച്ചിരിന്നു. ഇക്കഴിഞ്ഞ ഡിസംബർ 28 ഞായറാഴ്ചയാണ്, ലോകമെങ്ങുമുള്ള പ്രാദേശികസഭകളിൽ, ക്രൈസ്തവമായ പ്രത്യാശയുടെ സന്ദേശം പരത്തിയ ജൂബിലി വർഷത്തിന് പര്യവസാനമായത്.

"പ്രത്യാശയുടെ വർഷം" പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭാഗമായി റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോം രൂപതയുടെ കത്തീഡ്രൽ ദേവാലയം കൂടിയായ ജോൺ ലാറ്ററൻ ബസിലിക്ക, റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്ക എന്നിവിടങ്ങളിലും, റെബിബ്ബിയയിലുള്ള ജയിലിലും ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം വിശുദ്ധ വാതിലുകൾ തുറന്നുവെങ്കിലും ദൂരദേശങ്ങളിലുള്ള ആളുകൾക്ക് വിശുദ്ധ വാതിൽ കടക്കാനും, ദണ്ഡവിമോചനം നേടാനുമുള്ള സാധ്യത എളുപ്പമല്ലാത്തതുകൊണ്ട്, വിവിധ രൂപതകളിൽ "ജൂബിലിയ്ക്കായി" പ്രത്യക ചാപ്പലുകൾ തിരഞ്ഞെടുക്കാൻ പരിശുദ്ധ പിതാവ് അനുമതി നൽകിയിരുന്നു.

പ്രാദേശികസഭകളിലെ ജൂബിലി വർഷം അവസാനിച്ച ഡിസംബർ 28 ഞായറാഴ്ച തന്നെയാണ് റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതിൽ അടച്ചതും. നേരത്തെ മേരി മേജർ ബസിലിക്കയിലെ വിശുദ്ധ വാതിൽ, ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരവും, ജോൺ ലാറ്ററൻ ബസിലിക്കയിലേത്, റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാർ ജനറൽ, കർദ്ദിനാൾ റെയ്‌നയുടെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 27 ശനിയാഴ്ച രാവിലെയും അടയ്ക്കപ്പെട്ടിരുന്നു.

മേജർ പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിൽ അവസാനമായി അടയ്ക്കപ്പെടുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വാതിലായിരിക്കും. ജനുവരി ആറാം തീയതി ചൊവ്വാഴ്ച ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങോടെ ആഗോള കത്തോലിക്കാ സഭയിലെ "പ്രത്യാശയുടെ ജൂബിലി വർഷം" അവസാനിക്കും.

Tags

Share this story

From Around the Web