പ്രത്യാശയുടെ ജൂബിലി വർഷം സമാപനത്തിലേക്ക്; വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ചു

 
222

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ആരംഭത്തിൽ തുറന്ന റോമിലെ മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികൾ പ്രഖ്യാപിച്ചു.

ഡിസംബർ 25ന് മേരി മേജർ ബസിലിക്കയിലെയും, ഡിസംബർ 27ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെയും, ഡിസംബർ 28ന് റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെയും, ജനുവരി 6-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കും.

എന്നാൽ റോമിലെ റെബിബ്ബിയയിലുള്ള ജയിലിൽ തുറന്ന വിശുദ്ധ വാതിൽ അടയ്ക്കുന്ന തീയതി വ്യക്തമായിട്ടില്ല. ജൂബിലി വർഷത്തിന് അവസാനം കുറിക്കുന്ന ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ്, പ്രാർത്ഥനയുടെയും വിശുദ്ധ ബലിയുടെയും പശ്ചാത്തലത്തിലുള്ള ഈ കർമ്മം.ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്, മേരി മേജർ ബസിലിക്കയിൽ ചടങ്ങിന് സായാഹ്നപ്രാർത്ഥനയോടെ തുടക്കമാകും.

വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങുകളിൽ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ ബലിയർപ്പണവും നടക്കും. ഉണ്ണിയേശുവിന്റെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്നത് ഈ ബസിലിക്കയിലാണ്. 2025 ജനുവരി ഒന്നാം തീയതിയാണ് ഈ ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറക്കപ്പെട്ടത്. രണ്ടു കോടിയിലധികം ആളുകളാണ് ജൂബിലി വർഷത്തിൽ ഈ വിശുദ്ധ വാതിൽ കടന്നത്. ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടതും മേരി മേജര്‍ ബസിലിക്കയിലാണ്.

വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ വാതിലാണ് രണ്ടാമതായി അടയ്ക്കപ്പെടുക. ഡിസംബർ 27 ശനിയാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ചടങ്ങുകളിൽ റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാർ ജനറൽ കൂടിയായ കർദ്ദിനാൾ ബാൾദോ റെയ്‌ന മുഖ്യ കാർമ്മികത്വം വഹിക്കും. മോൺ. മാർകോ ഫ്രിസീനയുടെ നേതൃത്വത്തിൽ റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ജൂബിലി വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി തുറക്കപ്പെട്ടത് ഈ ബസിലിക്കയിലെ വാതിലാണ്.

റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതിലാണ് മൂന്നാമതായി അടയ്ക്കപ്പെടുക. ഡിസംബർ 28 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ഈ ചടങ്ങിൽ ബസലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവെയ്‌ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ ബലിയുൾപ്പെടെ ഈ ചടങ്ങിന്റെ ഭാഗമായുണ്ടാകും.

മേജർ പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിൽ അവസാനമായി അടയ്ക്കപ്പെടുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വാതിലായിരിക്കും. ജനുവരി ആറാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഈ ചടങ്ങോടെ ജൂബിലി വർഷം അവസാനിക്കും. എപ്പിഫനി തിരുനാളിന്റെ കൂടി ഭാഗമായി രാവിലെ 9.30-ന് ആരംഭിക്കുന്ന വിശുദ്ധ ബലിയിൽ ലെയോ പതിനാലാമൻ പാപ്പ മുഖ്യ കാർമ്മികത്വം വഹിക്കും.

1423-ൽ മാർട്ടിൻ അഞ്ചാമൻ പാപ്പയാണ് ജൂബിലി വർഷത്തിന്റെ ഭാഗമായി വിശുദ്ധ വാതിൽ കടക്കുന്ന ചടങ്ങിന്റെ പ്രാധാന്യം എടുത്തുകാണിച്ചത്. 1499-ലെ ക്രിസ്തുമസ് കാലത്ത് അലക്‌സാണ്ടർ ആറാമൻ പാപ്പായാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ആദ്യമായി വിശുദ്ധ വാതിൽ തുറന്നത്.

Tags

Share this story

From Around the Web