മുനമ്പം വിഷയം. ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി വിധി. ക്രൈസ്തവർ ക്കിടയിലേക്ക് കടന്നുകയറാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി

തിരുവനന്തപുരം :മുനമ്പം ഭൂമി വിഷയത്തിൽ പുറത്തുവന്ന ഹൈക്കോടതി വിധി ബിജെപിക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി. സംസ്ഥാനത്ത് ബിജെപിക്കും സംഘപരിവാറിനും ക്രൈസ്തവർക്കിടയിലേക്ക് കടന്നു കയറാനുള്ള ഒരു സാധ്യതയാണ് വിധി എന്നെന്നേക്കുമായി അടച്ചു കളഞ്ഞത്.
മുനമ്പത്ത് ഭൂമി വഖഫായി പ്രഖ്യാപിച്ചത് നിയമപരമായി തെറ്റാണെന്ന് ഇത് നടപ്പാക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലാണ് വഖഫ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. ഇതിൻ്റെ ചുവട് പിടിച്ച് മുനമ്പത്ത് ഭൂമി പ്രശ്നം പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുമെന്നായിരുന്നു ബിജെപി മുനമ്പം നിവാസികൾക്ക് നൽകിയ വാഗ്ദാനം.എന്നാൽ നിയമ ഭേദഗതി പാസായി ഏഴുമാസം പിന്നിടുമ്പോഴും പുതിയ നിയമനിർമ്മാണം നടത്താനോ മുനമ്പത്തെ ഭൂമി വിഷയം പരിഹരിക്കാനോ ബിജെപി മുതിർന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായിരുന്നു മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആയിരുന്നു മുനമ്പം വിഷയത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. മുനമ്പത്തെ സ്ഥിരതാമസക്കാരിൽ ചിലർ ഇതുമായി ബന്ധപ്പെട്ട ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ഹൈക്കോടതി വിധി വരുന്നതുവരെ ഭൂമി പ്രശ്നം പരിഹരിക്കാൻ ബിജെപിയുടെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കവും ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൻറെ വോട്ട് കൂടി ലഭിക്കാതെ ബിജെ.പിക്ക് അധികാരത്തിലേറാനാവാത്ത സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ക്രിസ്ത്യൻ വിഭാഗങ്ങളെ എന്നെന്നും ഒപ്പംനിർത്തുന്നതിനായി മുനമ്പം വിഷയത്തെ ഉപയോഗപ്പെടുത്ത ണമെന്നായിരുന്നു തീരുമാനം. അതിനായി അവരുടെ നീറുന്ന പ്രശ്നങ്ങളിൽ പാർട്ടി ഇടപെടാൻ തീരുമാനിച്ചിരുന്നു. മുനമ്പത്ത് പാർട്ടി ഇടപെട്ട് സമരം സംഘടിപ്പിച്ചു എന്നതിന് പുറമേ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഭൂമി പ്രശ്നം പഠിക്കാൻ സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ തുടരാം എന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. മുനമ്പത്ത് ഭൂമി വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള 2019 സെപ്റ്റംബർ 25 ലെ വിജ്ഞാപനം 1954 ലെ വഖഫ് നിയമം കേന്ദ്രം നിയമം തുടങ്ങിയവയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.