"ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ മികച്ചതാണ് ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങൾ"; ജെഡിയു-ബിജെപി സഖ്യ സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ

 
tharoor

പാറ്റ്ന: ബിഹാറിലെ ജെഡിയു-ബിജെപി സഖ്യ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നവീകരിച്ച നളന്ദ സർവകലാശാലയിലെ ആദ്യത്തെ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിൽ എത്തിയതായിരുന്നു ശശി തരൂർ.

ബിഹാറിൽ സമീപ വർഷങ്ങളിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ലെന്നും എന്നാൽ അതിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.

"ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ മികച്ചതാണ് അടിസ്ഥാന സൗകര്യങ്ങൾ എന്നതിൽ തർക്കമില്ല. റോഡുകൾ മികച്ചതാണ്. രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇതുവരെ വൈദ്യുതി, ജലവിതരണം അങ്ങനെ എല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്," തരൂർ എൻഡിടിവിയോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ശശി തരൂർ മറുപടി നൽകി. "വികസനം പറയുമ്പോൾ രാഷ്ട്രീയം പറയാൻ തള്ളിവിടരുത്. ഈ പുരോഗതി കാണുന്നതിൽ ഞാൻ തീർച്ചയായും വളരെ സന്തോഷിക്കുന്നു. ബിഹാറിലെ ജനങ്ങളും ഇവിടുത്തെ ജനപ്രതിനിധികൾക്കും ക്രെഡിറ്റ് നൽകിയേ മതിയാകൂ," തരൂർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web