യുദ്ധഭീതിയിൽ വിശുദ്ധനാട്; വിശുദ്ധവാര തിരുക്കർമ്മങ്ങൾ ആശങ്കയിൽ
ഇറാൻ – ഇസ്രായേൽ സംഘർഷം ശക്തമായതോടെ വിശുദ്ധനാട്ടിലെ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ അനിശ്ചിതത്വത്തിലായി. തുടർച്ചയായ നാലാം വർഷമാണ് യുദ്ധവും മറ്റ് പ്രതിസന്ധികളും കാരണം വിശുദ്ധ നാട്ടിലെ തീർഥാടന കേന്ദ്രങ്ങൾ വിജനമാകുന്നത്. സംഘർഷം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ബെത്‌ലഹേമിൽ സേവനമനുഷ്ഠിക്കുന്ന സ്പാനിഷ് മിഷനറി എഡ്വേർഡോ മൊറേനോ വെളിപ്പെടുത്തി.
സുരക്ഷാ കാരണങ്ങളാൽ ജെറുസലേമിലെ വിശുദ്ധ സെപൽച്ചർ ദൈവാലയം ഉൾപ്പെടെയുള്ള പ്രധാന ആരാധനാലയങ്ങൾ അടച്ചു. ഇത്തവണത്തെ പെസഹാ ശുശ്രൂഷകൾ വിശ്വാസികളെ ഒഴിവാക്കി അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടത്താനാണ് സാധ്യത. കോവിഡിന് ശേഷം ടൂറിസം മേഖല വളർന്നു വരുന്നതിനിടെയാണ് വീണ്ടും യുദ്ധം പ്രഖ്യാപിച്ചത്. തീർഥാടകരുടെ വരവ് നിലച്ചതോടെ വിശുദ്ധനാട്ടിലെ ക്രിസ്ത്യൻ കുടുംബങ്ങൾ കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലാണ്.
ബെത്‌ലഹേമിലും ജെറുസലേമിലും മിസൈലുകൾ നേരിട്ട് പതിക്കുന്നില്ലെങ്കിലും അയൺ ഡോം സംവിധാനം അവയെ ആകാശത്തുവച്ച് തകർക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനങ്ങളും ചിതറിത്തെറിക്കുന്ന അവശിഷ്ടങ്ങളും വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. നിരന്തരമായ സൈറണുകളും ബോംബ് സ്ഫോടനങ്ങളും ജനങ്ങളുടെ മാനസികാരോഗ്യത്തെ തകർക്കുന്നതായി മൊറേനോ പറഞ്ഞു. കുട്ടികൾ പോലും ഈ യുദ്ധസാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തകർന്നടിഞ്ഞ ജീവിതസാഹചര്യങ്ങൾക്കിടയിലും പ്രത്യാശയോടെയാണ് പ്രാദേശിക ക്രിസ്ത്യൻ സമൂഹം ഈ വർഷത്തെ ഈസ്റ്ററിനെ നോക്കിക്കാണുന്നത്.