സന്യാസിനിമാരുടെ ശിരോവസ്ത്രം കേരളത്തിന്റെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യേണ്ട ഒന്നല്ല

ഒരു സന്യാസിനിയുടെ ശിരോവസ്ത്രം സമൂഹത്തോട് പ്രഘോഷിക്കുന്നത് ദൈവത്തിനും ദൈവജനത്തിനുമായി താൻ സ്വയം സമർപ്പിച്ചവൾ എന്നാണ്. ഇന്ന് മുതൽ ലോകം മുഴുവനെയും സ്വന്തമായി കാണേണ്ട ആത്മീയ മാതൃത്വത്തിന് ഉടമയായി താൻ മാറിയിരിക്കുന്നു, എന്ന വിളംബരമാണ് അവൾ ലോകത്തോട് പ്രഘോഷിക്കുന്നത്..
നൂറ്റാണ്ടുകളായി ഈ ലോകത്തിന് പരിചിതമായ ഒരു ജീവിത ചര്യയാണ് സന്യാസം. ക്രൈസ്തവ സന്യാസം മാത്രമല്ല, ഹൈന്ദവ സന്യാസവും ബുദ്ധ – ജൈന മതങ്ങളിലെ സന്യാസ ജീവിതവുമെല്ലാം കാലങ്ങളായി നമുക്ക് മുന്നിലുണ്ട്. സുഖഭോഗങ്ങൾ പരിത്യജിച്ച് സ്വന്തം ജീവിതം സമൂഹത്തിനുവേണ്ടി മാറ്റിവയ്ക്കുന്നതിന്റെ സൂചനയാണ് ഒരു സന്യാസിയുടെ/ സന്യാസിനിയുടെ സന്യാസ വസ്ത്രം.
സന്യാസവും സന്യാസവസ്ത്രവും ആരും ഒരാളെ അടിച്ചേൽപ്പിക്കുന്നതല്ല, പൂർണ്ണമായ ബോധ്യത്തോടെ ജീവിതാവസാനം വരെ സ്വീകരിക്കുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരിക പരിണാമത്തിലും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള വിഭാഗമാണ് ക്രൈസ്തവ സന്യസ്തർ. ഇക്കാലഘട്ടത്തിലും ക്രൈസ്തവ – കത്തോലിക്കാ സന്യാസസമൂഹങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ അതുല്യമാണ്.
പതിറ്റാണ്ടുകളായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂൾ ഉൾപ്പെടെ ഇന്ന് സമാനമായ രീതിയിൽ മത ജാതി ഭേദമില്ലാതെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് സ്‌കൂളുകളെ സംബന്ധിച്ച് വ്യക്തമായ നയങ്ങളും നിയമങ്ങളും ഭരണഘടനാനുസൃതമായി നിലവിലുണ്ട്. മുസ്ളീം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിട്ടുള്ള ഒട്ടേറെ സ്‌കൂളുകൾ അക്കൂട്ടത്തിലുണ്ട്.
എന്നാൽ, ഒരു സ്‌കൂളിൽ നിലവിലുള്ള നിയമങ്ങൾ വിദ്യാർഥികൾ പാലിക്കേണ്ടതുതന്നെയാണ്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി സ്‌കൂളിന്റെ യൂണിഫോം കോഡ് ലംഘിച്ച് സ്‌കൂളിലെത്തിയ ഒരു വിദ്യാർത്ഥിനിയുടെ പ്രവർത്തി ഇപ്രകാരമൊരു വലിയ വിവാദത്തിലേക്ക് എത്തിച്ചേർന്നത് തികച്ചും ദൗർഭാഗ്യകരമാണ്. സന്യാസജീവിതം തെരഞ്ഞെടുത്ത പ്രിൻസിപ്പലും സഹ സന്യാസിനികളും സന്യാസവസ്ത്രത്തിന്റെ ഭാഗമായ തലമുണ്ട് ധരിച്ചിരിക്കുന്നതിനാൽ വിദ്യാർത്ഥിനിയുടെ നിയമലംഘനം ചോദ്യം ചെയ്യാൻ പാടില്ല എന്ന വാദം തികച്ചും ബാലിശമാണ്.
ബഹു. വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് അപലപനീയമാണ്. സ്വന്തം കുട്ടിക്ക് ഒരു പ്രത്യേക ദിവസം മുതൽ ഹിജാബ് ധരിച്ചു സ്‌കൂളിൽ എത്തണം എന്ന ചിന്ത മാതാപിതാക്കൾക്കോ വിദ്യാർത്ഥിനിക്കോ ഉടലെടുത്ത പക്ഷം, സ്‌കൂൾ മാനേജ്‌മെന്റിനോട് അക്കാര്യം സംസാരിക്കാൻ മുതിരാത്തതും, തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ ഇടപെടലുകളും സംശയാസ്പദമാണ്.
ഇക്കാര്യത്തിൽ വാസ്തവവിരുദ്ധമായ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നൽകി തെറ്റിദ്ധാരണ സൃഷ്ടിക്കുകയും വിഷയം കൂടുതൽ വഷളാക്കുകയും ചെയ്ത ഉദ്യോഗസ്ഥരും കോടതി ഉത്തരവിനെപ്പോലും ദുർവ്യാഖ്യാനം ചെയ്ത് പൊതുസമൂഹത്തിൽ കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച ചില മാധ്യമങ്ങളും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്.
ഹിജാബ് ധാരണം തങ്ങളുടെ അവകാശമാണെന്ന, സമീപകാലത്ത് ഉടലെടുത്ത ഒരു വിഭാഗത്തിന്റെ നിലപാട് പലപ്പോഴും കോടതി കയറി പരാജയപ്പെട്ടിട്ടുള്ളതാണ്. 2022ൽ കർണ്ണാടകയിൽ സമാനമായ രീതിയിൽ ഉടലെടുത്ത വിവാദങ്ങളെ തുടർന്ന് കേരളത്തിൽ, മാനന്തവാടി, കാസർഗോഡ് ജില്ലയിലെ പള്ളിക്കര, കോഴിക്കോട്, ആലുവ തുടങ്ങിയ വിവിധയിടങ്ങളിലെ സ്‌കൂളുകളിൽ ഹിജാബ് അവകാശവാദവും തുടർന്നുണ്ടായ വിവാദങ്ങളും കേരളം കണ്ടതാണ്.
മതപരമായി തീവ്ര നിലപാടുകൾ വച്ചുപുലർത്തുന്ന ഒരുകൂട്ടർ തങ്ങളുടെ നിഗൂഢമായ അജണ്ട സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ആസൂത്രിത ശ്രമങ്ങളാണോ ഇത്തരത്തിൽ കണ്ടുവരുന്നത് എന്ന് സംശയിക്കാവുന്നതാണ്. മതപരമായി പലപ്പോഴും അടിച്ചേല്പിക്കപ്പെടുന്നതും ഒട്ടേറെ രാജ്യങ്ങൾ ഇതേ സമുദായം ഒഴിവാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു വസ്ത്രധാരണ രീതി കേരളത്തിൽ സമീപകാലത്തായി അടിച്ചേല്പിക്കപ്പെടുന്നതും അത്തരം അവകാശവാദങ്ങൾ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായി മാറുന്നതും ഗൗരവമായി കാണുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടതാണ്.
സന്യാസീ സന്യാസിനികൾ തങ്ങൾ പ്രത്യേകമായി തെരഞ്ഞെടുത്ത ജീവിതാന്തസ്സിന്റെ ഭാഗമായി ലോകമെമ്പാടും ധരിച്ചുവരുന്ന വസ്ത്രധാരണ ശൈലിയെ ചോദ്യം ചെയ്ത് ഇപ്രകാരമൊരു വിഷയത്തെ തമസ്കരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്ന അബദ്ധജഢിലമായ നീക്കങ്ങൾ ഈ മതേതര സമൂഹത്തിന് യോജിച്ചതല്ല.
സന്യാസ വസ്ത്രത്തെയും മതപരമായതും മത തീവ്രവാദികൾ സമീപകാലത്തായി കടുംപിടുത്തം പിടിക്കുന്നതുമായ വേഷവിധാനത്തെയും താരതമ്യം ചെയ്ത് സ്വയം അപഹാസ്യരാകാതിരിക്കാൻ ബഹു. മന്ത്രി ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കണം. ഈ വിവാദ വിഷയത്തിൽ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്കും കോടതി തീരുമാനങ്ങൾക്കും അനുസൃതമായി ഉചിതമായ തീരുമാനമെടുക്കാനും ഇനിയൊരു വിദ്യാലയത്തിലും ഇപ്രകാരമുള്ള വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണം.
വോയ്സ് ഓഫ് നൺസ്.