സർക്കാരിൻ്റെ അവിവേകം വിദ്യാർത്ഥികളെ ബലിയാടാക്കി; കീം പരീക്ഷാ ഫലം റദ്ദാക്കിയ വിഷയത്തിൽ സർക്കാരിനെതിരെ സുപ്രഭാതം
 

 
222

കീം പരീക്ഷാഫലം റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർ‌ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൻ്റെ എഡിറ്റോറിയിൽ. മന്ത്രി ആർ ബിന്ദുവിന് പക്വതയില്ലെന്നും സർക്കാരിൻ്റേത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തൽ.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉദാസീനതയ്ക്കും അലംഭാവത്തിനും സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കീം പരീക്ഷാഫലം റദ്ദുചെയ്ത ഹൈക്കോടതി നടപടിയും തുടർസംഭവങ്ങളുമെന്ന് സുപ്രഭാതം കുറ്റപ്പെടുത്തുന്നു.

കോടതി ഉത്തരവിന് പിന്നാലെ പഴയ ഫോർമുലയിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചതോടെ പിന്നിലാകുന്ന വിദ്യാർത്ഥികളുടെ മാനസികവ്യഥയുടെ ആഴം തിരിച്ചറിയാനുള്ള വിവേകം സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്.

സർക്കാരിന് വിവേകമുണ്ടായിരുന്നെങ്കിൽ കീം പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം ഇത്രയും താളം തെറ്റില്ലായിരുന്നു എന്നും സുപ്രഭാതം വിമർശനം ഉന്നയിക്കുന്നുണ്ട്.

ഒരേ പരീക്ഷാഫലം രണ്ടുതവണ പ്രഖ്യാപിക്കേണ്ടിവരുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിൻ്റെ മായാത്ത അടയാളമായി ബാക്കി നിൽക്കും.

പ്രോസ്പെക്ടസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താമെന്ന് മന്ത്രി വീണ്ടും ആവർത്തിക്കുന്നത് പക്വതയില്ലായ്മ തന്നെയാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്.

സർക്കാരിന് അധികാരമുണ്ട്, എന്നാൽ എപ്പോൾ എങ്ങനെ വിനിയോ​ഗിക്കണമെന്നറിയണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഇനിയെങ്കിലും സർക്കാരും മന്ത്രിയും ഉൾക്കൊള്ളണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

കൃത്യസമയത്ത് തീരുമാനമെടുക്കാൻ സർക്കാർ വൈകിയത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയെന്നും പ്രോസ്പെക്ട്സിൽ മാറ്റം വരുത്തിയത് ഫലപ്രഖ്യാപനത്തിന് തലേന്നാണെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴ്നാട് പിന്തുടർന്ന രീതി നടപ്പാക്കിയത് പഠനം നടത്താതെയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് സുപ്രഭാതം ആവശ്യപ്പെടുന്നത്.

പരീക്ഷയ്ക്കും റാങ്ക് ലിസ്റ്റിനും മുമ്പുതന്നെ പ്രോസ്പെക്ടസ് ഭേദ​ഗതി ചെയ്തിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. അതിനാൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എഡിറ്റോറിയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags

Share this story

From Around the Web