ഒരേ സമയം ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ഭരണകൂട നടപടി ആശാസ്യമല്ല-ഫാ.മാത്യു തെക്കേൽ

ചേർപ്പുങ്കൽ: ഒരേ സമയം ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ഭരണകൂട നടപടി ആശാസ്യമല്ലെന്ന് ചേർപ്പുങ്കൽ ഫൊറോനാ വികാരി ഫാ.മാത്യു തെക്കേൽ.
ആതുര സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂ ടെയും ഭാരതത്തിന് വെളിച്ചം പകർന്ന തലമുറയുടെ കണ്ണികളാണ് ഇപ്പോൾ ജയിലഴികൾക്കുള്ളിൽ കിടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡ് വിഷയത്തിൽ പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങൾ മാനിക്കാത്ത ബിജെപി ഭരണകൂട വർഗീയ ഭീകരതക്കെതിരെ ചേർപ്പുങ്കൽ ഫൊറോനാ പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പങ്കെടുക്കുന്ന ഓരോ ദിവ്യബലികളിലും സഭയുടെ വിശ്വാസം പ്രാവർത്തികമാക്കിയതിന് പീഢനമനുഭവിക്കുന്ന ഈ സമർപ്പിതരെ സമർപ്പിച്ചു പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അസി. വികാരിമാരായ ഫാ. അജിത്ത് പരിയാരത്ത്, ഫാ. ജോസഫ് മൂക്കൻതോട്ടം, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. എബി തകിടിയേൽ, മാർട്ടിൻ കോലടി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ പരിപാടിക്ക് നേതൃത്വം നൽകി.