ഉപരാഷ്ട്രപതിയുടെ രാജിയിൽ മൗനം തുടർന്ന് സർക്കാർ, പകരം ആര്? ചർച്ച മുറുകുന്നു. ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായി അഭ്യൂഹം

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ മൗനം തുടർന്ന് കേന്ദ്ര സർക്കാർ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജി ഞെട്ടിക്കുന്നതെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു.
മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ വൃക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, അടുത്ത നടപടി ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധൻകർ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയത്.
മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം.
ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു. അതേസമയം രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നത് വ്യക്തമല്ല.