വിരമിച്ച വൈദികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായുള്ള ഗോള്‍ഡന്‍ മെഡോസിന്റെ ശിലാസ്ഥാപനം നടത്തി

വിരമിച്ച വൈദികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപതയുടെ അത്യാധുനിക രീതിയിലുള്ള സംരംഭമായ ഗോള്‍ഡന്‍ മെഡോസിന് കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരി അങ്കണത്തില്‍ ശിലാസ്ഥാപനം നടത്തി.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടര്‍ച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോള്‍ഡന്‍ മെഡോസ്. വിരമിച്ചവര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളും സ്വതന്ത്ര വില്ലകളും ഇതില്‍ ഉണ്ടാകും. ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ 24 മണിക്കൂറും നഴ്‌സിങ്ങ് സേവനവും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും.
ഇതോടൊപ്പം എമര്‍ജന്‍സി അലാറങ്ങള്‍, സുരക്ഷാ ജീവനക്കാര്‍ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. വിനോദത്തിനും ആരോഗ്യപരിപാലനത്തിനുമായി പ്രത്യേക സ്ഥലങ്ങള്‍, ജിംനേഷ്യം, നീന്തല്‍ കുളം, മനോഹരമായ മുറ്റം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടങ്ങള്‍ തുടങ്ങിയവ ഗോള്‍ഡന്‍ മെഡോസിന്റെ പ്രത്യേകതകളാണ്. പൊതുവായ അടുക്കളയും ഭക്ഷണശാലയും ഉണ്ടാകും. കൂടാതെ 24 മണിക്കൂറും പ്രാര്‍ത്ഥന ക്കുള്ള സൗകര്യങ്ങളുമുണ്ടാകും.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് ഗോള്‍ഡന്‍ മെഡോസ്. മികച്ച ശുചിത്വ സംവിധാനങ്ങളും എയര്‍ കണ്ടീഷനിങ്ങ് സംവിധാനവും വൈഫൈ പോലുള്ള അധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. തടസങ്ങളില്ലാത്ത ശുദ്ധജല ലഭ്യതയും വൈദ്യുതിയും ഉറപ്പാക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കു മെന്ന് കോട്ടപ്പുറം രൂപത പ്രൊക്കേറ്റര്‍ ഫാ. ജോബി കാട്ടാശേരി അറിയിച്ചു.