രാജ്യം ഡിജിറ്റൽ സെൻസസിലേക്ക്, കേരളത്തിൽ ആദ്യഘട്ടം ജൂണിൽ, ജാതി സെൻസസ് രണ്ടാം ഘട്ടത്തിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് സെൻസസ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 11,718.24 കോടി രൂപയാണ് ഈ ബൃഹദ് പദ്ധതിക്കായി കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്. വിവരങ്ങൾ ശേഖരിക്കുന്നതിനായി 16 ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക മൊബൈൽ ആപ്പും സെൽഫ് ഇന്യൂമറേഷൻ പോർട്ടലും സജ്ജമാക്കും.
ഏപ്രിൽ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30-ഓടെ പൂർത്തിയാക്കും. താമസസൗകര്യം, കുടിവെള്ളം, വൈദ്യുതി, വീട്ടിലെ ആസ്തികൾ തുടങ്ങി 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഓരോ കുടുംബത്തോടും ചോദിക്കുക. വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടിയേറ്റം, സാമ്പത്തിക നിലവാരം എന്നിവ ഈ ഘട്ടത്തിൽ ശേഖരിക്കും. ഏറെ ചർച്ച ചെയ്യപ്പെടുന്ന ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പിലാക്കുക.
ജൂൺ 16 മുതൽ 30 വരെ പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം. ജൂലൈ ഒന്ന് മുതൽ 30 വരെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ തികച്ചും രഹസ്യമായിരിക്കും. ഇവ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ലെന്നു മാത്രമല്ല, കോടതികളിൽ തെളിവായി ഹാജരാക്കാനും സാധിക്കില്ല. വിവരങ്ങൾ നൽകുന്ന സമയത്ത് തിരിച്ചറിയൽ രേഖകളോ മറ്റ് സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. ലിവിങ് ടുഗദർ പങ്കാളികളെയും സെൻസസിൽ വിവാഹിതരായി പരിഗണിക്കും. 31 ലക്ഷം എന്യൂമറേറ്റർമാരെയാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നത്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (NPR) കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ നൽകി സെൻസസിൽ സഹകരിക്കണമെന്ന് അദ്ദേഹം എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.