അയര്‍ലണ്ട് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച പ്രഥമ മലയാളി വൈദികന് സ്വീകരണം നല്‍കി; ഫാ. ആന്റണി വിദേശത്തേക്കു പോയത് എംബിഎ പഠനത്തിനായി
പാലാ: അയര്‍ലണ്ട് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ആദ്യ മലയാളി വൈദികന്‍ ഫാ. ആന്റണി വാളിപ്ലാക്കല്‍ കപ്പൂച്ചിന് വെള്ളികുളം ഇടവകയില്‍ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. സ്‌കറിയ വേകത്താനം ഫാ. ആന്റണിക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഫാ. ആന്റണിയുടെ അമ്മയുടെ ഇടവകയാണ് വെള്ളികുളം.
2025 മേയ് 10-ന് ഡബ്ലിന്‍ രൂപതയുടെ സഹായമെത്രാന്‍ ഡോണല്‍ റോച്ചില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം നാട്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ എത്തിയത്.
ബി. ടെക് പഠത്തിനുശേഷം എംബിഎ പഠനത്തിനായിട്ടാണ് ആന്റണി അയര്‍ലണ്ടില്‍ എത്തിയത്. പാലാ, ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ പ്രഥമ ബാച്ച് ബി. ടെക് വിദ്യാര്‍ത്ഥിയായിരുന്നു.
ഇലക്ട്രോണിക്‌സ് എഞ്ചിനീയറായി രണ്ടുവര്‍ഷം ജോലി ചെയ്തു. ഇക്കാലത്താണ് വൈദികനാകണമെന്ന ഉള്‍വിളി ശക്തമായത്. അങ്ങനെ അയര്‍ലണ്ടിലെ ഡബ്ലിന്‍ രൂപതയിലെ കപ്പൂച്ചിന്‍ സെമിനാരിയില്‍ ചേരുകയായിരുന്നു.
ഭരണങ്ങാനം വാളിപ്ലാക്കല്‍ കുര്യന്‍-അന്നക്കുട്ടി ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്ത മകനാണ് ഫാ. ആന്റണി. ഇളയ സഹോദരി ബിനീത അധ്യാപികയാണ്. ഭര്‍ത്താവ് അരിക്കുഴ ഇടവക കല്ലുവെച്ചേല്‍ ജെയിംസ്.
ഫാ. ആന്റണി വാളിപ്ലാക്കല്‍ മാതൃ ഇടവകയായ ഭരണങ്ങാനം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.