സ്വർഗാരോഹണത്തിരുനാൾ മനുഷ്യകുലത്തെ പിതാവായ ദൈവത്തിലേക്ക് അടുപ്പിക്കുന്നു: ലെയോ പതിനാലാമൻ മാർപാപ്പ
യേശുക്രിസ്തുവിന്റെ സ്വർഗാരോഹണം മനുഷ്യരാശിയെ മുഴുവൻ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ ‘സ്വർലോക രാജ്ഞി’ പ്രാർഥനാമധ്യേ ഇരുപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ ഒരു ‘ഉയർച്ചയുടെ യാത്ര’ ആയിരുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പ, സ്വർഗാരോഹണം എന്നത് കഴിഞ്ഞുപോയ ഒരു ചരിത്രസംഭവം മാത്രമല്ല, മറിച്ച് ഇന്നും പ്രസക്തമായ യാഥാർഥ്യമാണ് എന്ന് പറഞ്ഞു. ശരീരത്തിലെ അവയവങ്ങൾ തലയുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ നമ്മൾ ഓരോരുത്തരും ക്രിസ്തുവുമായി ഒന്നായിരിക്കുന്നു. അവിടുത്തെ മാനവികത ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നതും പാപത്തിൽ നിന്ന് മനുഷ്യനെ വീണ്ടെടുക്കുന്നതാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
അതേസമയം, ഫ്രാൻസിസ് മാർപാപ്പ മുൻപ് സൂചിപ്പിച്ചിട്ടുള്ള ‘അടുത്ത വീട്ടിലെ വിശുദ്ധരെ’ മാതൃകയാക്കാനും ലെയോ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാമ്മോദീസയിലൂടെ ലഭിച്ച ദൈവീകജീവൻ നമ്മെ എപ്പോഴും ഉന്നതിയിലേക്ക് നയിക്കുന്നു. പരസ്പരമുള്ള പ്രാർഥനയിലൂടെയും പിന്തുണയിലൂടെയും ലോകത്തിൽ സമാധാനത്തിന്റെയും കൂട്ടായ്മയുടെയും വിലപ്പെട്ട ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കണമെന്നും മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.