കുളത്തിൽ നിന്ന് ലഭിച്ചത് വസ്ത്രഭാഗങ്ങൾ, അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ; ചേർത്തലയിൽ സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു

വനിത തിരോധാന കേസുകളിൽ അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ് സെബാസ്റ്റ്യൻ. ഇന്നലെ ഇയാളെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. വീടിന് സമീപത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിൽ വീണ്ടും അസ്ഥികഷണങ്ങൾ കണ്ടെടുത്തിരുന്നു.
പുരയിടത്തിലെ കുളത്തിൽ നിന്ന് സ്ത്രീകളുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രഭാഗങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി. ആദ്യഘട്ടത്തിൽ കണ്ടെത്തിയ അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും.
ജയ്‌നമ്മ, ബിന്ദു, സിന്ധു, ഐഷ എന്നീ സ്ത്രീകളുടെ തിരോധനമാണ് സെബാസ്റ്റ്യന് മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ആണ് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല പള്ളിപ്പുറം ജൈനമ്മ കൊലപാതകം പ്രതി സെബാസ്റ്റ്യന്‍ സീരിയര്‍ കില്ലര്‍ ആണെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചേര്‍ത്തലയിലും പരിസരത്തുനിന്നും കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എന്ന വസ്തു വ്യാപാരി നിരവധി സ്ത്രീകളെ കൊന്ന് രഹസ്യമായി മറവു ചെയ്തു എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ചേര്‍ത്തലയിലും സമീപപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാണാതായ സ്ത്രീകളെ കുറിച്ചാണ് പ്രധാനമായിട്ടും അന്വേഷണം നടക്കുന്നത്.