'എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ'; എം വി ജയരാജന് മറുപടിയുമായി സദാനന്ദൻ

കണ്ണൂര്‍: സിപിഐഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ആര്‍എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്‍. എംപിയായി വിലസാന്‍ തന്നെയാണ് തീരുമാനമെന്ന് സദാനന്ദന്‍ പറഞ്ഞു.
തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തിട്ടൂരം അറിയാന്‍ വൈകിയെന്നും എംപിയായി വിലസുന്നത് തടയാന്‍ താങ്കള്‍ മതിയാവില്ലല്ലോ സഖാവേയെന്നും സദാനന്ദന്‍ പരിഹസിച്ചു. സഖാവിന്റെ സൈന്യവും പോരാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സി സദാനന്ദൻ്റെ പ്രതികരണം.
'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങള്‍ നേതാക്കള്‍ ബോംബും വാളും മഴുവും നല്‍കി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്.
ലോക നേതാവായ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ്. പ്രസ്ഥാനത്തിനായി ജീവന്‍ വെടിഞ്ഞവര്‍ (അല്ല നിങ്ങള്‍ കൊത്തിക്കീറി സംഹരിച്ചവര്‍) നെഞ്ചേറ്റിയ ആദര്‍ശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്. അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട. ഫലമില്ല', സദാനന്ദന്‍ എംപി പറഞ്ഞു.