ഫ്രാൻസിസ് പാപ്പയുടെ മരണവും ലെയോ പാപ്പയുടെ സ്ഥാനാരോഹണവും: 2025 ലെ കത്തോലിക്കാ സഭയിലെ മറക്കാനാകാത്ത നിമിഷങ്ങൾ
ഫെബ്രുവരി 14-ന് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ലോകമെമ്പാടുമുള്ള കത്തോലിക്കർ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥനയിൽ ഒന്നു ചേർന്നതോടെയാണ് 2025 ആരംഭിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാപ്പ ഏകദേശം ആറ് ആഴ്ച ആശുപത്രിയിൽ തുടർന്നു.
എന്നാൽ, വീണ്ടും മാർച്ച് 29-ന്, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്ററിന് പിറ്റേന്ന്, ഏപ്രിൽ 21-ന്, 88-ാം വയസ്സിൽ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. ഏപ്രിൽ 26-ന്, ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനായി 4,00,000-ത്തിലധികം ആളുകൾ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിച്ചേർന്നു.
തുടർന്ന് മെയ് ഏഴിന് ലോകത്തിന്റെ എല്ലായിടങ്ങളിൽ നിന്നുമുള്ള 133 കർദിനാൾ ഇലക്ടർമാർ സിസ്റ്റൈൻ ചാപ്പലിൽ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി ഒത്തുകൂടി. നാല് ബാലറ്റുകൾക്ക് ശേഷം, മെയ് എട്ടിന് റോമിലെ 267-ാമത് ബിഷപ്പായും കത്തോലിക്കാ സഭയുടെ തലവനായും കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. ചിക്കാഗോ സ്വദേശിയായ അദ്ദേഹം സഭാ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പായി.