സമയം നീട്ടില്ല, ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തീയതി ഇന്നുതന്നെ; അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള സമയം ഇന്നോട് കൂടി അവസാനിക്കും. സെപ്റ്റംബർ 15 കഴിഞ്ഞും സമയം നീട്ടുമെന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സമയപരിധി ഇനി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
അതേസമയം ഈ വർഷത്തെ ഫയലിംഗുകൾ കഴിഞ്ഞ വർഷത്തേക്കാൾ മന്ദഗതിയിലാണ്. കഴിഞ്ഞ വർഷം 7 കോടിയിലധികം ഐ ടി ആർ ഫയൽ ചെയ്തയിടത്ത് ഇത്തവണ 5.47 കോടി ആദായനികുതി റിട്ടേണുകൾ മാത്രമാണ് ഫയൽ ചെയ്തിട്ടുള്ളത്.
അതേസമയം ഇ-ഫയലിംഗ് പ്ലാറ്റ്‌ഫോമുകളായ വാർഷിക വിവര പ്രസ്താവന (AIS), ഫോം 26AS, നികുതിദായക വിവര സംഗ്രഹം (TIS) എന്നിവ ഇടയ്ക്കിടെ ഡൗണാകുന്നതും ഫയൽ ചെയ്യാനെത്തുന്നവരെ വലയ്ക്കുന്നുണ്ട്. പോർട്ടലിലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മൂലം, തീയതി നീട്ടുമെന്ന് നികുതിദായകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്ന പ്രസ്താവന ഇറങ്ങിയതോടെ ഫയൽ ചെയ്യാനിരുന്നവർ നിരാശയിലാണ്.
എങ്ങനെ ലളിതമായി ഐടിആർ ഫയൽ ചെയ്യാം:
നിങ്ങളുടെ പാൻ യൂസർ ഐഡിയും പാസ്‌വേഡും ആയി ഉപയോഗിച്ച് ഔദ്യോഗിക ആദായനികുതി പോർട്ടലിൽ ലോഗിൻ ചെയ്യുക
ഐടിആർ ഫയലിംഗ് വിഭാഗത്തിലേക്ക് പോവുക
ശരിയായ അസസ്മെന്റ് വർഷം തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഫയലിംഗ് സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.
ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക.
എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക.
ബാധകമെങ്കിൽ ഏതെങ്കിലും നികുതി കുടിശ്ശിക അടയ്ക്കുക.
റിട്ടേൺ സമർപ്പിക്കുക.
ഫയലിംഗ് ഉറപ്പിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ ചെയ്യുക.