ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ വികസന വിപ്ലവത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവല്ല: കേരളത്തിൽ എൽ.ഡി.എഫ്. ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻ.ഡി.എ. സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടും മലയാളത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ടുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
കേരളത്തിന്റെ സമഗ്രമായ വികസനത്തിന് എൻ.ഡി.എ. മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് മോദി പറഞ്ഞു. "കേരളത്തിലെ വികസന കുതിപ്പ് തിരുവല്ലയിൽ നിന്ന് തുടങ്ങും. വർഷങ്ങളായി തന്നോടൊപ്പം പ്രവർത്തിക്കുന്ന വിശ്വസ്തനായ അനൂപ് ആന്റണിയെ ഞാൻ തിരുവല്ലയിലെ ജനങ്ങൾക്കായി സമർപ്പിക്കുകയാണ്. തിരുവല്ലയിൽ ഇക്കുറി എൻ.ഡി.എ. വൻ വിജയം നേടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," പ്രധാനമന്ത്രി വ്യക്തമാക്കി.
താൻ പങ്കെടുത്ത ബൂത്ത് തല പരിപാടികളിൽ നിന്ന് തന്നെ കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി പ്രധാനമന്ത്രി പറഞ്ഞു. ഹെലിപാഡിന് സമീപം നടന്ന റോഡ് ഷോയിൽ ജനങ്ങൾ ആവേശത്തോടെ തടിച്ചുകൂടിയത് ഇതിന്റെ തെളിവാണ്. റോഡിന്റെ ഇരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം കേരളത്തിൽ വീശുന്ന പുതിയ രാഷ്ട്രീയ കാറ്റിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.