ശുഭാംശു ശുക്ലയുടെ മടങ്ങിവരവ് കാത്ത് രാജ്യം; ആക്സിയം 4 ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇന്ന് ഭൂമിയിലെത്തും. ഡ്രാഗൺ ഗ്രേസ് പേടകം ശാന്ത സമുദ്രത്തിൽ ഇറങ്ങുന്നത് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ
 

 
shubamsu

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ തുടങ്ങും.

കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗൺ ഗ്രേസ് പേടകം ഇറങ്ങും. ശുഭാംശു ശുക്ല അടങ്ങുന്ന ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4:45-നാണ് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്.

ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുള്ളത്. ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ഏകദേശം ഇരുപത്തിരണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഗ്രേസ് പേടകം സ്‌പ്ലാഷ്‌ഡൗണ്‍ നടത്തുക.

ബഹിരാകാശത്ത് വട്ടമിട്ട് പറന്ന് ഭൂമിയുമായുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക എന്നതിനാലാണ് മടക്കയാത്രയ്ക്ക് ഇത്രയേറെ സമയമെടുക്കുന്നത്.  

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. ഭൂമിയില്‍ തിരിച്ചെത്തിക്കഴി‍ഞ്ഞാൽ ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ.

Tags

Share this story

From Around the Web