‘കണ്‍സഷന്‍ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല, കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്; സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുത്’: മന്ത്രി വി ശിവന്‍കുട്ടി

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി പറഞ്ഞു. ബസ് കണ്‍സഷന്‍ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല. കുട്ടികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തണമെന്നും കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സര്‍ക്കുലര്‍ ഇറക്കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനും മന്ത്രി വി ശിവന്‍കുട്ടി മറുപടി നല്‍കി. വിഭജന ഭീതിദിനം എന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും ഏതെങ്കിലും ദിനം ആചരിക്കാന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. സമാന്തര ഭരണ സംവിധാനമായി മാറാനാണ് ഗവര്‍ണറുടെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവര്‍ണറുടെ സര്‍ക്കുലറില്‍ പറയുന്നു.