അറേബ്യൻ മണ്ണിലെ ആദ്യ മൈനർ ബസിലിക്കയായി ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയം
കുവൈറ്റിലെ അഹമ്മദിയിലുള്ള ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയം മൈനർ ബസിലിക്കയായി ഉയർത്തപ്പെടുന്നു. ഗൾഫ് മേഖലയിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഈ ചടങ്ങ്, ജനുവരി 16 വെള്ളിയാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ നിർവഹിക്കും. അറേബ്യൻ ഉപദ്വീപിലെ ആദ്യത്തെ മൈനർ ബസിലിക്ക എന്ന പദവിയാണ് ഈ ദൈവാലയത്തിന് ലഭിക്കുന്നത്.
1948 – ൽ ഒരു ചെറിയ ഷെഡിൽ ലളിതമായി ആരംഭിച്ച ഈ ദൈവാലയം ഇന്ന് കുവൈറ്റിലെയും ഗൾഫിലെയും ലക്ഷക്കണക്കിന് പ്രവാസി വിശ്വാസികളുടെ ആത്മീയ കേന്ദ്രമാണ്. 2025 ജൂലൈയിൽ ലെയോ പതിനാലാമൻ മാർപാപ്പയാണ് ഈ പള്ളിയെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്. ഇന്ത്യ , ഫിലിപ്പീൻസ്, ലബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഈ ദൈവാലയം വലിയ ആശ്വാസകേന്ദ്രമാണ്.
മതസൗഹാർദത്തിന്റെ പ്രതീകമായ ഈ പ്രഖ്യാപനത്തോടെ വത്തിക്കാന്റെ പ്രത്യേക ചിഹ്നങ്ങൾ ഉപയോഗിക്കാനും നിശ്ചിത ദിവസങ്ങളിൽ എത്തുന്ന വിശ്വാസികൾക്ക് പൂർണ ദണ്ഡവിമോചനം ലഭിക്കാനും ഈ ബസിലിക്കയ്ക്ക് അധികാരമുണ്ടാകും.