സഭ കാലത്തിനൊത്ത് സജ്ജമാകണം: മാർ തോമസ് തറയിൽ

 
23333
കുട്ടിക്കാനം: ക്രൈസ്‌തവ വിശ്വാസത്തിന്റെ നന്മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളർച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാർ തോമസ് തറയിൽ.

സഭയെ തകർക്കാനും തളർത്താനും ഭയപ്പെടുത്താനും പല തലങ്ങളിൽ നടക്കുന്ന നീക്കങ്ങളെ ധീരമായ ചെറുക്കാനും ക്രൈസ്തവ സ്വത്വബോധം ധീരമായി മുറുകെപ്പിടിക്കാനും കഴിയണമെന്നു മാർ തോമസ് തറയിൽ പറഞ്ഞു.

എഫ്‌സിആർഎ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കവും ദളിത കത്തോലിക്കർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതും മിഷ്ണറിമാരെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രൈസ്‌തവ സമൂഹത്തെ അപരവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. രൂപതയുടെയും സഭയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും വിധമുള്ള ആലോചനകൾക്കും ആസൂത്രണങ്ങൾക്കും ഒരുക്കങ്ങൾക്കും എപ്പാർക്കിയൽ അസംബ്ലി വേദിയായതായി അധ്യക്ഷപ്രസംഗത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.

പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ബിനോ പി. ജോസ്, സിഞ്ചെല്ലൂസ് ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ എന്നിവർ പ്രസംഗിച്ചു. എപ്പാർക്കിയൽ അസംബ്ലി റിപ്പോർട്ട് ചാൻസലർ ഫാ.ഡോ. മാത്യു ശൗര്യാംകുഴി അവതരിപ്പിച്ചു. ഇന്നലെ സാമൂഹിക സമ്പർക്ക മാധ്യമങ്ങളെക്കുറിച്ച് ഫാ.ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതിൽ ഫാ.ഡോ. ഫ്രാൻസിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തി. ഡോ. ജൂബി മാത്യു, ഫാ.ഡോ. ജോസഫ് തെക്കേവയലിൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.

Tags

Share this story

From Around the Web