തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതിന് സഭാ നേതൃത്വം ക്ഷമാപണം നടത്തണം; തലശ്ശേരി ബിഷപ്പിനെ പരിഹസിച്ച് എ.കെ ബാലൻ
Updated: Aug 9, 2025, 12:27 IST

പാലക്കാട്: കന്യാസ്ത്രീകൾക്ക് നേരെയുള്ള ബജ്റംഗ ദൾ ആക്രമണത്തിൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പരിഹസിച്ച് എ.കെ ബാലൻ. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതിന് സഭാ നേതൃത്വം മാപ്പ് പറയണമെന്ന് എ.കെ ബാലൻ പറഞ്ഞു.
റബ്ബറിന് 300 കൂട്ടിതന്നാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞ ആളാണ് അദ്ദേഹമെന്നും തിരിച്ചറിവ് ഇനിയെങ്കിലും വേണമെന്നും എ.കെ ബാലൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടിക ക്രമക്കേടിലെ വെളിപ്പെടുത്തലിലും എ.കെ ബാലൻ പ്രതികരിച്ചു.
'ഇവിടെ ജനാധിപത്യമെന്നത് പേരിന് പറയുന്നു. മുസ്‌ലിംകൾ കൂടുതൽ താമസിക്കുന്നിടത്ത് ബിജെപിക്ക് ക്വാട്ട കൊടുത്തിരിക്കുകയാണ്. ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഇവിടെ ഗുജറാത്ത് ആവർത്തിക്കും എന്നാണ് പറയുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾ ഒരുഭാഗത്തും ആധിപത്യം മറ്റൊരു ഭാഗത്തുമായിട്ടാണുള്ളത്'-എ.കെ ബാലൻ പറഞ്ഞു.