ആമസോണിലെ സഭ വൈവിധ്യത്തിൽ ഏകത്വത്തിന്റെ അടയാളമായിരിക്കണം: ലെയോ പതിനാലാമൻ പാപ്പ

 
LEO POPE

ആമസോൺ മേഖലയിലെ സഭയുടെ പ്രവർത്തനം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഏകത്വത്തിന്റെ അടയാളമാകണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. കൊളംബിയയിലെ ബൊഗോട്ടയിൽ നടക്കുന്ന ആറാമത് ആമസോണിയൻ എക്ലീസിയൽ കോൺഫറൻസിൽ (CEAMA) നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.

​സുവിശേഷത്തെ പ്രാദേശിക സംസ്കാരങ്ങളുമായി കൂട്ടിയിണക്കുന്ന ‘ഇൻകൾച്ചറേഷൻ’ ധീരമായി തുടരണമെന്ന് മാർപാപ്പ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. ആമസോൺ കാടുകളിൽ കാണപ്പെടുന്ന ആയിരം വർഷത്തിലേറെ ആയുസ്സുള്ള ‘ഷിഹുവാഹുവാക്കോ’ (Shihuahuaco) എന്ന മരത്തെ മാർപാപ്പ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സാവധാനം വളരുന്ന ഈ മരം ഒരു വലിയ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതുപോലെ സഭയും ജീവനെ സംരക്ഷിക്കുന്ന സുരക്ഷിത താവളമായി മാറണമെന്ന് പാപ്പ പറഞ്ഞു.

​ആമസോൺ നേരിടുന്ന സാമൂഹിക പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പാപ്പ ആശങ്ക രേഖപ്പെടുത്തി. ​ആമസോണിന്റെ നന്മയ്ക്കായി രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച മാർപാപ്പ ക്രിസ്തുവിൽ വേരൂന്നിയ മിഷനറിമാരായി മുന്നേറാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web