സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ക്രിസ്തുമസ് ട്രീയും തിരുപ്പിറവി രംഗവും ഇന്ന് അനാച്ഛാദനം ചെയ്യും
സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ക്രിസ്തുമസ് ട്രീയും തിരുപ്പിറവി രംഗവും ഇന്ന് അനാച്ഛാദനം ചെയ്യും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ്, ഈ ക്രിസ്തുമസിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെയും പോൾ ആറാമൻ ഹാളിനെയും അലങ്കരിക്കുന്ന തിരുപ്പിറവി രംഗങ്ങൾ, ക്രിസ്തുമസ് ട്രീ എന്നിവ തയ്യാറാക്കിയവരാരെന്ന് പ്രഖ്യാപിച്ചു.
80 അടി ഉയരമുള്ള മനോഹരമായ നോർവേ സ്‌പ്രൂസ് മരമാണ് ക്രിസ്തുമസ് ട്രീക്കായി തിരഞ്ഞെടുത്തത്. ഇത് ഇറ്റലിയിലെ ആൾട്ടോ അഡിഗെ മേഖലയിലെ സൗത്ത് ടൈറോളിലെ ഏറ്റവും മനോഹരവും അത്ര അറിയപ്പെടാത്തതുമായ താഴ്‌വരകളിലൊന്നായ അൾട്ടെന്റലിലെ വാൽ ഡി അൾട്ടിമോ പട്ടണത്തിൽ നിന്നുള്ളതാണ്. വലിയ മരത്തോടൊപ്പം, വത്തിക്കാൻ ഓഫീസുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടിയുള്ള 40 ചെറിയ മരങ്ങളും ഉടൻ എത്തും.
പരിസ്ഥിതി സുസ്ഥിരതയും പ്രകൃതിയോടുള്ള ആദരവും ഉറപ്പാക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണ് ഇക്കൊല്ലം പദ്ധതിയിടുന്നത്. ക്രിസ്തുമസിന് ശേഷം, ക്രിസ്തുമസ് ട്രീയ്ക്കായി ഉപയോഗിക്കുന്ന ഫിർ മരം അവശ്യ എണ്ണകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. ഈ പ്രക്രിയ ഓസ്ട്രിയൻ കമ്പനിയായ വൈൽഡർ നാച്ചുർപ്രൊഡക്റ്റാണ് ചെയ്യുന്നത്. ബാക്കി തടി ഒരു ചാരിറ്റബിൾ ഓർഗനൈസേഷന് സംഭാവന ചെയ്യും.
ഒരു ഗ്രാമീണ ദൃശ്യം പോലെ തോന്നിക്കുന്നതും ജീവസുറ്റ രൂപങ്ങൾ ഉൾക്കൊള്ളുന്നതുമായ തിരുപ്പിറവി രംഗം വളരെയധികം വലിപ്പമുള്ളതാണ്. 56 അടി നീളവും ഏകദേശം 40 അടി വീതിയും 25 അടി ഉയരവുമുണ്ട്. ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന രൂപതകളിൽ ഒന്നായ നോസെറ ഇൻഫെറിയോർ-സാർണോയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്.
ഇറ്റലിയിലെ ഈ പ്രദേശത്തെ ആദ്യകാല ക്രിസ്ത്യൻ കലയുടെ പ്രതീകാത്മക ഘടകങ്ങൾ പുനഃസൃഷ്ടിക്കുന്നതാണ് ഈ തിരുപ്പിറവി രംഗങ്ങൾ.