ക്രൈസ്തവ സഭകൾക്ക് ബിജെപിയോട് അതൃപ്തി. പിന്നിൽ ഉത്തരേന്ത്യയിലെ മലയാളികളായ ക്രൈസ്തവ പുരോഹിതർക്ക് നേരെയുള്ള അക്രമണങ്ങളും സംഘപരിവാർ മുഖപത്രങ്ങളിൽ വന്ന ലേഖനങ്ങളും

തിരുവനന്തപുരം : ഇടക്കാലത്ത് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ സംസ്ഥാനത്തെ ക്രൈസ്തവ സഭകൾ വീണ്ടും പാർട്ടിയുമായി അടുക്കുന്നുവെന്ന് സൂചനകൾ പുറത്ത്.
വിഷയത്തിൽ സഭാ നേതൃത്വങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. രാജ്യത്താകെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ബി.ജെ.പി- സംഘപരിവാർ വിഭാഗത്തിന്റെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും അതിന് കോൺഗ്രസിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന വിലയിരുത്തലും സഭകൾക്കുണ്ട്.
ഒന്നിലധികം തവണ കത്തോലിക്ക സഭയെയും മിഷണറി പ്രവർത്തനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ സംഘപരിവാർ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളിൽ വിവിധ സഭകൾ കടുത്ത അതൃപ്തിയുണ്ട്. ഇതിന് പുറമേ മലയാളി വൈദികർ, കന്യാസ്ത്രീകൾ അടക്കമുള്ളവർക്കെതിരെ ഉത്തരേന്ത്യയിൽ നടക്കുന്ന ആക്രമണവും അധിക്ഷേപങ്ങളും അപഹസിക്കലും അതീവ ഗൗരവമായാണ് സഭകൾ കാണുന്നത്.
പാരമ്പര്യ സഭകൾക്ക് പുറമേ മറ്റ് പെന്തക്കോസ്ത് വിഭാഗങ്ങൾ അടക്കമുള്ളവർക്കും ബി.ജെ.പിയോട് കടുത്ത എതിർപ്പാണുള്ളത്. സംഘപരിവാർ സംഘടനകൾ വ്യാപകമായി ക്രൈസ്തവരെ ആക്രമിച്ചിട്ടും സംസ്ഥാന ബി.ജെ.പി നേതൃത്വം പാലിക്കുന്ന മൗനം ക്രൈസ്തവ മതമേലധ്യക്ഷൻമാരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
ഇത്തരം അക്രമസംഭവങ്ങൾ അരങ്ങേറുമ്പോൾ സി.പി.എം വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്നും സർക്കാർ തലത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നും സഭകൾക്ക് ആക്ഷേപമുണ്ട്. ഇതിന് പുറമേ പല വിഷയങ്ങളും പരിശോധിക്കുമ്പോൾ സി.പി.എം - ബി.ജെ.പി ഡീൽ എന്ന യു.ഡി.എഫിന്റെ ആരോപണം വസ്തുതാപരമാണെന്ന തിരിച്ചറിവ് പല സഭകൾക്കുള്ളിലും രൂപപ്പെട്ടിട്ടുണ്ടെന്നും കരുതപ്പെടുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ ക്രൈസസ്തവ- മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളും ഭൂരിപക്ഷ സമുദായങ്ങളിലെ ഒരു വിഭാഗവും അടിസ്ഥാന വർഗ വോട്ടുകളുടെ ഭൂരിഭാഗവും ഇടതുമുന്നണിക്കൊപ്പം അണിനിരന്നിരുന്നു.
എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാനമാകുമ്പോൾ സംസ്ഥാനത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളിൽ ഭൂരിഭാഗവും യു.ഡി.എഫിനൊപ്പം അണിനിരക്കുന്നുവെന്ന സൂചനകളാണ് വെളിപ്പെട്ട് വരുന്നത്.
ഉപതിരഞ്ഞെടുപ്പുകളിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെയും വോട്ടിംഗ് രീതി പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റവും ബി.ജെ.പിയുടെ വോട്ട് വർധനയും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനെ മറികടക്കാൻ പല വിധത്തിലുള്ള തന്ത്രങ്ങളാണ് സി.പി.എം ഇറക്കുന്നത്.
ആഗോളഅയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവും സംഘടിപ്പിക്കാൻ സർക്കാർ നിർബന്ധിതമായതിന് പിന്നിലും മറ്റൊന്നല്ലെന്ന വിലയിരുത്തലാണുള്ളത്.
ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണ്ണമായും തങ്ങളെ കൈവിട്ടുവെന്നും ഇടതുപക്ഷത്തിന്റെ എക്കാലത്തെയും ഫിക്‌സഡ് ഡിപ്പോസിറ്റായി ഇഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളിലുള്ള ചോർച്ച സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാഭാവിക അന്ത്യത്തിന് വഴിതെളിക്കുമെന്ന തിരിച്ചറിഞ്ഞതോടെയാണ് ഇത് മറികടക്കാൻ എൽ.ഡി.എഫ് വിവിധ പരിപാടികളിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതെന്നും കരുതപ്പെടുന്നു.
വരാനിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി സംസ്ഥാനത്തെ ഇടത് രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണം തീരുമാനിക്കുമെന്നതിലും തർക്കമില്ല.