പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ധനമന്ത്രി നിര്‍മ്മലയെയും കാണും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പാർലമെന്റ് മന്ദിരത്തിലെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ ഔദ്യോഗിക ദില്ലി സന്ദർശനമാണിത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു.
കേരളത്തിന്റെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്നതും അടിയന്തര പ്രാധാന്യമുള്ളതുമായ വിവിധ വികസന പദ്ധതികൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
റെയിൽവേ വികസനം, വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖ പദ്ധതികളുടെ അടുത്ത ഘട്ടം, സംസ്ഥാനത്തിന് ഏറെ നാളായി ലഭിക്കേണ്ട എയിംസ് (AIIMS), കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനം തുടങ്ങി കേന്ദ്രത്തിന്റെ അനുമതിയും സാമ്പത്തിക സഹായവും ആവശ്യമായ വിവിധ പദ്ധതികൾക്ക് അനുഭാവപൂർണ്ണമായ സമീപനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു.
ദില്ലി സന്ദർശനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിഎസ്ടി വിഹിതം ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങളും ധനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് മടങ്ങുക. പുതിയ സർക്കാരിന്റെ കേന്ദ്രവുമായുള്ള വികസനപരമായ ഒത്തുതീർപ്പുകൾക്ക് ഈ സന്ദർശനം വഴിത്തിരിവാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.