ദേശീയ ആരോഗ്യദൗത്യത്തിലും അഴിച്ചുപണി നടത്താൻ കേന്ദ്ര സർക്കാർ ; സ്ഥിരംജീവനക്കാരുടെ ശമ്പളബാധ്യത സംസ്ഥാനങ്ങളെ ഏൽപ്പിക്കുമെന്ന നീക്കത്തിൻ്റെ ഭാഗമായി  സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കത്ത് 
 

 
3333

തിരുവനന്തപുരം :മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മാറ്റം വരുത്തുന്ന  പുതിയ ബില്ലിൽ എതിർപ്പ് തുടരുമ്പോഴാണ്  ദേശീയ ആരോഗ്യദൗത്യത്തിൽ  അടിമുടി മാറ്റം വരുത്താൻ  കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കരാർ ജീവനക്കാരുടെ എണ്ണംകുറച്ച് സ്ഥിരംജീവനക്കാരുടെ ശമ്പളബാധ്യത സംസ്ഥാനങ്ങളെ ഏൽപ്പിക്കാനാണ് ശ്രമം. ഈ ശ്രമം വിജയം കണ്ടാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെ തന്നെയാകും.

കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയും എൻ.എച്ച്.എം. മിഷൻ ഡയറക്ടറുമായ ആരാധന പട്നായിക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഈ നീക്കം സംബന്ധിച്ച വിവരങ്ങളുള്ളത്. കേന്ദ്രം നൽകിയ കത്തിൽ മുന്നോട്ട് ചെയ്ക്കുന്ന  നിർദേശം നടപ്പായാൽ ആരോഗ്യമേഖലയ്ക്കായി സംസ്ഥാനം കൂടുതൽ തുക ബജറ്റിൽ നീക്കിവെക്കേണ്ടിവരുമെന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെടും .

നിലവിൽ എൻ.എച്ച്.എം. വഴിയുള്ള കേന്ദ്രഫണ്ടിന്റെ പകുതിയിലധികവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാനാണു വിനിയോഗിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെ  ആരോഗ്യമേഖലയിലെ പല  പദ്ധതികൾക്കും വിനിയോഗിക്കാൻ  പണമില്ലാത്ത സാഹചര്യമാണ്.  എന്നാൽ ഭരണപരമായ ചെലവുചുരുക്കലിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാക്കാനാകൂവെന്ന സമീപനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെത് .

ജീവനക്കാരെ വിന്യസിക്കുന്നതിൻ്റെ  ഘടന പുനഃക്രമീകരിക്കും. പുതിയ നിയമനം ഉണ്ടാകില്ല. സമാന സ്വഭാവത്തിലുള്ള തസ്തികകൾ ലയിപ്പിക്കും. കഴിവും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കി നിലവിലുള്ളവരെ പുനർവിന്യസിക്കും. വിലയിരുത്തലിൽ കഴിവില്ലാത്തവരെ ഒഴിവാക്കുക തുടങ്ങിയ ചില നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെയ്ക്കുന്നതായാണ് വിവരം .

അതേസമയം സ്ഥിരംനിയമനം പ്രോത്സാഹിപ്പിക്കാനുള്ള നിർദേശവുമുണ്ട്. ഇതിലൂടെ ഇഷ്ട്ടക്കാരെ നിയമിക്കുന്ന താല്ക്കാലിക - കരാർ നിയമനങ്ങൾ അവസാനിപ്പിക്കാനാണ് ലക്ഷ്യം. എന്നാൽ സാമ്പത്തികബാധ്യത കൂടുതലായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഏൽപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിലവിൽ ജില്ലാ പ്രോഗ്രാം മാനേജർ (ഡി.പി.എം.) ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിൽ മാത്രമാണ് സ്ഥിരനിയമനം എന്നതും ഇതുമായി ചേർത്ത് വെയ്ക്കേണ്ടതാണ്. ഡി.പി.എമ്മിന്റെ ശമ്പളം നിലവിൽ എൻ.എച്ച്.എമ്മിൽനിന്നാണ്. ഇവർക്കുള്ള ശമ്പളവും ഭാവിയിൽ സംസ്ഥാനം കണ്ടെത്തണം എന്ന സ്ഥിതിയുണ്ടാകും .


5,416 ആരോഗ്യ ഉപകേന്ദ്രങ്ങളടക്കം 6,770 ആരോഗ്യസ്ഥാപനങ്ങളുള്ള കേരളത്തിന് ഈ നീക്കം തിരിച്ചടിയാകും . ഇവിടങ്ങളിലെല്ലാംകൂടി പതിനയ്യായിരത്തിലേറെ എൻ.എച്ച്.എം. ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ഡോക്ടർ, നഴ്സ്, പി.ആർ.ഒ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി.), ഫിസിയോ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, കൗൺസലർമാർ എന്നിവരുൾപ്പെടെയാണിത്. 28,000 ആശമാരുമുണ്ട്. അതുകൊണ്ട് തന്നെ താത്കാലിക ജീവനക്കാരുടെ എണ്ണം കുറച്ചാൽ സംസ്ഥാനത്തെ  ആരോഗ്യമേഖലയ്ക്ക് അത് വൻ പ്രതിസന്ധി സൃഷ്ട്ടിക്കും. നിലവിൽ ഡോക്ടർമാരുൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ ആളില്ലാതെ വരുമ്പോൾ എൻ.എച്ച്.എമ്മിൽനിന്നു താത്കാലികമായി നിയമിക്കുകയായിരുന്നു. എന്നാൽ ഇനി ഇത്തരം നീക്ക് പോക്കുകൾ സാധ്യമാകില്ല . കേന്ദ്ര നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് ക്ഷണിച്ച് വരുത്തുന്നതിന് സാധ്യതയുണ്ട്.

Tags

Share this story

From Around the Web