കുഞ്ഞിനെ കൊണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസ്. റീമയുടെ ഭര്‍ത്താവിനേയും അമ്മയേയും പ്രതിചേര്‍ത്തു; ഇരുവരും ഒളിവിലെന്ന് പൊലീസ്

കണ്ണൂര്‍ വയലപ്ര സ്വദേശി റീമയുടെ മരണത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണാ കുറ്റമാണ് ചുമത്തിയത്. റീമയുടെ ആത്മഹത്യാ കുറിപ്പിന്റേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഭര്‍ത്താവ് കമല്‍രാജ്, ഭര്‍തൃമാതാവ് പ്രേമ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.
ജുലൈ 20 നാണ് വെങ്ങര നടക്കുതാഴെ സ്വദേശിനിയായ എം.വി. റീമ കുഞ്ഞിനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയത്. തിരച്ചിലിനൊടുവില്‍ രാവിലെയാണ് റീമയുടെ മൃതദേഹം കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കിട്ടിയത്.
തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന് സ്വന്തം വാട്‌സ്ആപ്പില്‍ റീമ ടൈപ്പ് ചെയ്ത് വെച്ചിരുന്നു. ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മരിക്കുന്ന ദിവസം നടന്ന പിഎസ്സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റിലെഴുതിയ റീമയുടെ കുറിപ്പാണ് കണ്ടെത്തിയത്.
ഭര്‍തൃമാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് കമല്‍ രാജ് ഇറക്കിവിട്ടു. തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ലെന്നും റീമയുടെ കുറിപ്പില്‍ പറയുന്നു. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്.
സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അവര്‍ എന്നോട് പോയി ചാകാന്‍ പറഞ്ഞു. ഭര്‍തൃമാതാവ് എപ്പോഴും വഴക്ക് പറയും, തന്നെയും ഭര്‍ത്താവിനെയും തമ്മില്‍ എപ്പോഴും തമ്മില്‍ തല്ലിക്കുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.