കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്കു സമാപനമായി; അടുത്ത സമ്മേളനം ജൂണിൽ
കത്തോലിക്കാ സഭയുടെ ഭരണരീതിയിൽ സുപ്രധാന മാറ്റങ്ങൾ വരുമെന്നു പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ സമാപിച്ച അസാധാരണ കൺസിസ്റ്ററിയിൽ സംസാരിക്കവെ, ഇനിമുതൽ എല്ലാ വർഷവും മൂന്നു മുതൽ നാലു ദിവസം വരെ നീളുന്ന കൺസിസ്റ്ററികൾ വിളിച്ചുകൂട്ടുമെന്ന് പാപ്പ അറിയിച്ചു. അടുത്ത യോഗം ജൂണിൽ വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചു നടക്കും.
കൺസിസ്റ്ററിയിൽ ലോകത്തിലെ വിവിധ സംഘർഷമേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു. പ്രത്യേകിച്ച്, വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധികളിലും മനുഷ്യാവകാശ ലംഘനങ്ങളിലും മാർപാപ്പയും കർദിനാൾമാരും ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. അക്രമം വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
കൂടാതെ, സഭയിലെ സ്ത്രീകളുടെ ശുശ്രൂഷകളെയും പങ്കാളിത്തത്തെയും കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ ഉയർന്നുവന്നു. ‘അധികാരമല്ല പങ്കാളിത്തമാണ് പ്രധാനം’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ലോകമെമ്പാടുമുള്ള 170 കർദിനാൾമാരാണ് ഈ യോഗത്തിൽ പങ്കെടുത്തത്. സഭയുടെ ഭാവിപ്രവർത്തനങ്ങൾക്കും നവീകരണത്തിനും ഈ കൺസിസ്റ്ററി ഒരു മുൻരൂപമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.