‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറുകോടിയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചരിത്രം കുറിച്ചു.
പോഡ്‌കാസ്റ്റ്, ആരംഭിച്ചിട്ട് അഞ്ചാം വാർഷികത്തോട് അടുക്കുമ്പോൾ, ഏകദേശം ഒരു ബില്യണിനടുത്ത് തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷന്‍ ടീം കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥ പാരായണത്തിനും വ്യാഖ്യാനത്തിനും ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലായെന്നും ഫാ. മൈക്ക് ഷ്മിറ്റ്‌സ് പറഞ്ഞു.
രക്ഷാകരചരിത്രവും തിരുവെഴുത്തുകളിലെ വ്യാഖ്യാനവും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക വായനാ പദ്ധതിയാണ് ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’. തന്റെ ജീവിതത്തിലൊരിക്കലും ഇത്രയധികം ആളുകളോടൊപ്പവും ബൈബിൾ വായിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും ദൈവവചനം ആളുകളുടെ ജീവിതത്തെ എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുകയാണെന്നും ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ഫാ. മൈക്ക് ഷ്മിറ്റ്‌സ് വ്യക്തമാക്കി.
എല്ലാ ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് കഴിഞ്ഞ വര്‍ഷം നടന്നിരിന്നു. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഇത് നയിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് മലയാളികള്‍ ഓണ്‍ലൈന്‍ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു വിശുദ്ധ ഗ്രന്ഥ പാരായണവും പഠനവും പൂര്‍ത്തിയാക്കിയിരിന്നു.