അടിസ്ഥാന ശമ്പളം 2000, ആകെ 70,000 രൂപ, കേരളത്തിലെ എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ

 
niyamasabha

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായതോടെ, വരും വർഷങ്ങളിൽ തങ്ങളെ നയിക്കേണ്ട ജനപ്രതിനിധികളുടെ ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും പൊതുജനങ്ങൾക്കിടയിൽ ചർച്ചയാകുന്നു. അഞ്ചു വർഷക്കാലം തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമായി മാറുന്ന എംഎൽഎമാർക്ക്, ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കായി സർക്കാർ മാസംതോറും മികച്ച സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളുമാണ് നൽകി വരുന്നത്.

ഒരു എംഎൽഎയുടെ അടിസ്ഥാന ശമ്പളം കേവലം 2,000 രൂപ മാത്രമാണെങ്കിലും വിവിധ അലവൻസുകൾ ചേരുമ്പോൾ പ്രതിമാസം കൈപ്പറ്റുന്ന ആകെ തുക 70,000 രൂപയായി ഉയരും. മാസശമ്പളത്തിന് പുറമെ മറ്റ് പദവി ആനുകൂല്യങ്ങളും ജനപ്രതിനിധികൾക്ക് സർക്കാർ ഉറപ്പാക്കുന്നുണ്ട്. കേരളത്തിനകത്തോ മറ്റ് സംസ്ഥാനങ്ങളിലോ ഔദ്യോഗിക ആവശ്യങ്ങൾക്കായി നടത്തുന്ന യാത്രകൾക്ക് പെട്രോൾ അലവൻസായി കിലോമീറ്ററിന് 10 രൂപ നിരക്കിൽ തുക ലഭിക്കും. കൂടാതെ കെഎസ്ആർടിസി ബസുകളിൽ പൂർണ്ണമായും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.

ഓഫീസ് നിർവ്വഹണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്റ്റാഫ് അലവൻസ് ഇനത്തിൽ പ്രതിമാസം 20,000 രൂപ എംഎൽഎമാർക്ക് ലഭിക്കും. ഇതോടൊപ്പം 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും പുതിയ വാഹനം വാങ്ങുന്നതിനായി പലിശരഹിത വായ്പ സൗകര്യവും നിയമസഭാംഗങ്ങൾക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ജനകീയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഈ ആനുകൂല്യങ്ങൾ ജനപ്രതിനിധികൾക്ക് ഏറെ സഹായകരമാകും.

Tags

Share this story

From Around the Web