18 ദിവസം നീണ്ട ബഹിരാകാശവാസം കഴിഞ്ഞ് ശുഭാംശു ശുക്ലയടക്കമുള്ള ആക്‌സിയം 4 ദൗത്യസംഘം ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും

നീണ്ട 18 ദിവസത്തെ ബഹിരാകാശവാസം പൂര്‍ത്തിയാക്കി ആക്‌സിയം 4 ദൗത്യസംഘം ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ യാത്രികരാണ് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്നത്. ആകാശഗംഗ എന്നും വിളിപ്പേരുള്ള ആക്‌സിയം 4 ദൗത്യത്തിലെ യാത്രികരുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം നാളെ വൈകിട്ട് 3ന് ഭൂമിയില്‍ തിരിച്ചെത്തും.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.25ന് ശുഭാംശുവും സഹ യാത്രികരും പേടകവുമായി ബന്ധിക്കപ്പെട്ട ഡ്രാഗണ്‍ മൊഡ്യൂളിലേക്കു പ്രവേശിക്കുകയും വൈകിട്ട് 4.35നു നിലയത്തില്‍നിന്നു പേടകം വേര്‍പെടുത്തുകയും ചെയ്യുന്നതോടെ മടക്കയാത്ര ആരംഭിക്കും. ഭൂമിയെ ചുറ്റിക്കറങ്ങി പല ഘട്ടങ്ങളിലായി ഉയരം കുറച്ചുകൊണ്ടുവന്ന് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പേടകം 350 കിലോമീറ്റര്‍ ഉയരത്തിലെത്തുന്ന ഘട്ടത്തില്‍ ഡീഓര്‍ബിറ്റ് നടപടികള്‍ തുടങ്ങും. നാളെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം പതിക്കും. തുടര്‍ന്ന് യാത്രികരെ സ്‌പേസ്എക്‌സ് കപ്പലില്‍ കയറ്റി തീരത്തേക്കു കൊണ്ടുപോകും.
അതേസമയം, സംഘത്തിന് നിലയത്തിലെ മറ്റ് 7 താമസക്കാര്‍ സ്‌നേഹവിരുന്ന് നല്‍കിയിരുന്നു. ചെമ്മീന്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഷ്രിംപ് കോക്ടെയില്‍, ചിക്കന്‍, മെക്‌സിക്കന്‍ ഇറച്ചിവിഭവങ്ങള്‍, പാലും വാല്‍നട്ടും ചേര്‍ത്ത കേക്ക് ശുക്ല കൊണ്ടുവന്ന കാരറ്റ് ഹല്‍വയും മാമ്പഴച്ചാറും, വിസ്‌നീവ്‌സ്‌കി കൊണ്ടുവന്ന പോളിഷ് വിഭവമായ പൈറോഗി (മോമോസ് പോലെയുള്ള പലഹാരം) തുടങ്ങിയവയും വിരുന്നില്‍ വിളമ്പി.